agali
പണി പൂർത്തിയാകാതെ കിടക്കുന്ന നരസിമുക്ക് ലിഫ്‌റ്റ് ഇറിഗേഷൻ.

അഗളി: പഞ്ചായത്തിലെ ഒരു ആദിവാസി ഊര് ഉൾപ്പടെ 150 ഓളം കർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തനം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് നരസിമുക്ക് നിവാസികൾ.

2012-13 കാലയളവിൽ ജില്ലാ പഞ്ചായത്ത് 30ലക്ഷം അടങ്കൽ തുക കണക്കാക്കി നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ പമ്പ് ഹൗസ് നിർമ്മാണവും വെള്ളം ശേഖരിക്കുന്ന ഇൻടേക്ക് വെല്ലും മാത്രമാണ് പൂർത്തീകരിച്ചത്. ഇത് പുഴ ഒഴുകുന്ന ദിശക്ക് അഭിമുഖമായതിനാൽ നിലവിലെ നിർമ്മാണത്തിലെ അപകാത പരിഹരിച്ചാലേ പ്രയോജന പ്രദമാകൂ. ഭവാനി പുഴയിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.

തുടർന്ന് ഈ സാമ്പത്തിക വർഷമാണ് 30 ലക്ഷത്തിന്റെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് വീണ്ടും വന്നിട്ടുള്ളത്. ഇതിനിടയിൽ 2016-17ൽ പൈപ്പ് ലൈൻ പ്രവർത്തനങ്ങളും നടത്തി. ഇതിലേക്ക് 40 ലക്ഷം ചെലവായി. വർഷങ്ങൾ പിന്നിട്ടിട്ടും പ്രൊജക്ട് അവതരിപ്പിച്ച് അംഗീകാരം നേടുവാനോ പദ്ധതി പൂർത്തിയാക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. സർക്കാർ കാർഷിവൃത്തി പ്രോത്സാഹിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് പറയുമ്പോഴാണ് നരസിമുക്ക് ലിഫ്റ്റ് ഇറിഗേഷൻ പോലുള്ള 250 ഹെക്ടറോളം ഭൂമിയ്ക്ക് പ്രയോജനപ്രദമായ പദ്ധതി പൂർത്തിയാകാതെ കിടക്കുന്നത്.