dog

പാലക്കാട്: ലോക്ക് ഡൗണിൽ നിലച്ച, പ്രജനന നിയന്ത്രണത്തിലൂടെ തെരുവുനായ ശല്യം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പുനഃരാരംഭിച്ചു. നിലവിൽ ചിറ്റൂർ സെന്ററിലാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ട് ദിവസത്തിനിടെ പത്ത് നായകളെ വന്ധ്യംകരിച്ചു.

ലോക്ക് ഡൗണിൽ പ്രവർത്തനം നിലച്ചതോടെ ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. എല്ലാ സെന്ററുകളിലും പ്രവർത്തനം സജീവമാകുന്നതോടെ നായ്ക്കളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാൻ സാധിക്കും. പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ, കൊടുവായൂർ എന്നിവിടങ്ങളിലായി അഞ്ച് സെന്ററുകളാണ് ജില്ലയിലുള്ളത്. മൃഗസംരംക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ആലത്തൂരിൽ ഇന്ന് തുടങ്ങും


ആലത്തൂർ സെന്ററിലെ പ്രവർത്തനം ഇന്ന് പുനഃരാരംഭിക്കും. ഒറ്റപ്പാലത്ത് നാളെയും പാലക്കാട് തിങ്കളാഴ്ചയും ആരംഭിക്കും. കൊടുവായൂരിലെ കണ്ടെയ്‌മെന്റ് സോൺ മാറിയാൽ മാത്രമേ പ്രവർത്തനം ആരംഭിക്കൂ. ജില്ലയിൽ ഒരു ലക്ഷത്തോളം തെരുവുനായകൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

-ഡോ.സി.ജെസോജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പാലക്കാട്.