 
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ യക്ഷിയുടെ നിർമ്മാണത്തിന് കാനായി കുഞ്ഞിരാമന്റെ സഹായിയായിരുന്ന നബീസ (80) ഓർമ്മയായി. മലമ്പുഴ അണക്കെട്ടിനോടനുബന്ധിച്ച് ഏറെ വിവാദം സൃഷ്ടിച്ച യക്ഷിയുടെ നിർമ്മാണം 1967ലാണ് നടന്നത്.
മുപ്പതടി ഉയരമുള്ള യക്ഷിയുടെ രൂപം കാനായി നിർമ്മിക്കുമ്പോൾ സർക്കാർ വിട്ടുനൽകിയ അഞ്ച് ജീവനക്കാരിൽ ഒരാളായിരുന്നു നബീസ. നിർമ്മാണത്തിന് സഹായി മാത്രമല്ല, മോഡൽ കൂടിയായിരുന്നു നബീസയെന്ന് പ്രദേശവാസികൾ പറയുന്നു.
ജീവിതാവസാനത്തിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും അസുഖങ്ങളുമായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ ആരുടെയും സഹായം ഇവരുടെ അടുക്കലെത്തിയില്ല. യക്ഷിയുടെ അമ്പതാം വാർഷികം ലളിതകലാ അക്കാദമി നടത്തിയപ്പോഴും ഇവരെ അവഗണിച്ചു. നബീസയ്ക്ക് പുറമെ വേലായുധൻ, പഴനിസ്വാമി, കിട്ട, രാജു, ഐശുമ്മ എന്നിവരും നിർമ്മാണ സഹായത്തിനുണ്ടായിരുന്നു. നബീസ കൂടി മരിച്ചതോടെ രണ്ടുപേർ മാത്രമാണ് യക്ഷിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനി ജീവിച്ചിരിക്കുന്നത്.
മലമ്പുഴ ചെറാട് നബീസ മൻസിൽ പരേതനായ പൈന്തുവാണ് ഭർത്താവ്. മക്കൾ: ഇസ്മയിൽ, ഷാഹുൽഹമീദ്, അബ്ദുൾഖാദർ, അബ്ദുള്ള, ആമിന. മരുമക്കൾ: റഹ്മത്ത്, നബീസ, ജെസീന, ഷക്കീല.