 
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം
തൃത്താല: വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കര- കണ്ടനകം റോഡിന്റെ നവീകരണത്തിന് തുടക്കമായി. 35 ലക്ഷം ചിലവിൽ മെറ്റലിട്ട് ഉയർത്തി പാത നിരപ്പാക്കുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്.
എടപ്പാളിൽ മേല്പാല നിർമ്മാണം ആരംഭിച്ചതോടെ ദീർഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെ ഇതുവഴിയാണ് കടന്നു പോകുന്നത്. ഇതേ തുടർന്ന് റോഡിന്റെ സ്ഥിതി ഏറെ പരിതാപകരമായി. ലോക്ക് ഡൗണിൽ വാഹനത്തിരക്ക് കുറഞ്ഞതോടെ ദീർഘദൂര വാഹനങ്ങൾ ചേകന്നൂർ വഴി പോയതോടെ ആനക്കര റോഡിലെ തിരക്ക് കുറഞ്ഞു. ഇതിനിടെ മഴയിൽ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.
ആനക്കര മുതൽ ജില്ലാതിർത്തിയായ സ്‌കൂൾ വരെ റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. നിലവവിൽ എടപ്പാൾ മേല്പാല നിർമ്മാണം തകൃതിയായതോടെ വലിയ ലോറികൾ ഉൾപ്പെടെ തകർന്ന റോഡിലൂടെയാണ് തൃശൂർ ഭാഗത്തേക്ക് പോകുന്നത്. റോഡിലെ ആഴമേറിയ കുഴികളിൽ വീണ് ബൈക്ക് യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.