vanapatha
കൊല്ലങ്കോട് ചെമ്മണാമ്പതി തേക്കടി വനപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസികൾ

ആദിവാസി വിഭാഗങ്ങളുടെയും പട്ടികജാതി - പട്ടികവർഗ വിഭാഗക്കാരുടെയും ക്ഷേമം ലക്ഷ്യം വച്ചും അവരുടെ കോളനികളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാനുമായി നമ്മുടെ സർക്കാരുകൾ പദ്ധതിയാസൂത്രണം ചെയ്യുകയും കോടികൾ നീക്കിവയ്ക്കുകയും ചെയ്യുമെങ്കിലും പക്ഷേ അതൊന്നും യഥാർത്ഥ അവകാശികളുടെ കൈകളിലേക്ക് എത്താറില്ല. ഓരോ ദിവസം കഴിയുമ്പോഴും വനവാസികളുടേത് ഉൾപ്പെടെ അടിസ്ഥാന വർഗങ്ങളുടെ അവകാശങ്ങൾ അവർക്ക് അന്യമാകുന്നത് ദൗർഭാഗ്യകരമാണ്.

തങ്ങളുടെ അവകാശങ്ങൾക്കായി ആരും സംസാരിക്കില്ലെന്ന ബോദ്ധ്യമാണ് പറമ്പിക്കുളം ആദിവാസി കോളനിയിലെ 300ഓളം ആളുകളെ വനഭൂമിയിൽ വഴിവെട്ടാൻ പ്രേരിപ്പിച്ചത്. മാറ്റം തങ്ങളിൽ നിന്ന് തുടങ്ങണമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനായി തിരഞ്ഞെടുത്ത് ഓക്ടോബർ രണ്ട് ഗാന്ധിജയന്തിയും.

ഇനിയും ചുറ്റിക്കരുതേ

കേരളത്തിന്റെ ഭാഗമായ പറമ്പിക്കുളത്തെത്താൻ തമിഴ്‌നാട്ടിലെ പൊള്ളാച്ചി ആനമല വഴി പോകേണ്ട അവസ്ഥയാണിപ്പോൾ. നെല്ലിയാമ്പതിയിലെത്താൻ ചുരം റോഡല്ലാതെ മറ്റ് മാർഗവുമില്ല. നിർദിഷ്ട തേക്കടി - ചമ്മണാംപതി റോഡ് യാഥാർത്ഥ്യമായാൽ ഈ രണ്ട് പ്രശ്‌നങ്ങൾക്കും പരിഹാരമാകും.

മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം. ഇവിടുത്തെ തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല കോളനികളിലായി 1600ലധികം ആളുകളുണ്ട്. കൂടാതെ വനം, പൊലീസ്, വൈദ്യുതി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവർ പറമ്പിക്കുളത്തേക്ക് എത്തുന്നത് ഗോവിന്ദാപുരത്തോ, ചമ്മണാംപതിയിലോ വന്നശേഷം തമിഴ്‌നാട്ടിലെ സേത്ത്മടവഴി 50 കിലോമീറ്ററോളം അധിക യാത്ര ചെയ്താണ്. ലോക്ക് ഡൗണിന് മുമ്പ് തമിഴ്‌നാടിന്റെ ഒരു ബസ് പൊള്ളാച്ചിയിൽ നിന്ന് സർവീസ് നടത്തിയിരുന്നു, ഇപ്പോഴതും ഇല്ല. തുടർന്നുള്ള യാത്രയെല്ലാം ജീപ്പിനെ ആശ്രയിച്ചാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി. രോഗികൾ, ഗർഭിണികൾ എന്നിവരെ ആശുപത്രിയിലെത്തിക്കാനും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും വൃദ്ധർക്ക് ക്ഷേമപെൻഷൻ വാങ്ങാനും മുതലമടയെ ആശ്രയിക്കണം. പക്ഷേ, യാത്രചെയ്യാൻ തമിഴ്നാടിന്റെ അനുമതി ആവശ്യമാണ്. ഇതോടെ പലരും ദുരിതത്തിലായതോടെയാണ് ആദിവാസികൾ രണ്ടും കല്‌പിച്ച് വനത്തിലൂടെ റോഡ് നിർമ്മിക്കാൻ ഊരുകൂട്ടം ചേർന്ന് തീരുമാനമെടുത്തത്. വഴിവെട്ടൽ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോളനിക്കാർ.


നിലവിൽ തേക്കടിയിലെ കോളനിവാസികൾ വനപാതയിലൂടെ പത്ത് കിലോമീറ്റർ കാൽനടയായാണ് ചമ്മണാംപതി ചെക്ക് പോസ്റ്റിൽ എത്തുന്നത്. ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഇവിടെയെത്തുക. തുടർന്ന് ബസിൽ സഞ്ചരിച്ചുവേണം വിവിധ ആവശ്യങ്ങൾക്കായി കാമ്പ്രത്ത്ചള്ളയിലും കൊല്ലങ്കോടും എത്താൻ. മറ്റുള്ളവർ രണ്ടര മണിക്കൂർ ജീപ്പിൽ യാത്ര ചെയ്താണ് എത്തുന്നത്. കേരളത്തിലെ ജീപ്പ് പറമ്പിക്കുളത്തെത്താൻ തമിഴ്‌നാടിന്റെ വാഹന പെർമിറ്റ് എടുക്കുകയും ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. എന്നാൽ ബദൽ റോഡ് വന്നാൽ ഇവയ്‌ക്കെല്ലാം പരിഹാരമാകും.

തേക്കടിയിൽനിന്ന് ചമ്മണാംപതിവരെ വനപാതയുണ്ട്. 1912ൽ വനം രേഖകളിൽ ഈ പാത അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ന് കുതിരപ്പുറത്ത് യാത്ര ചെയ്യാനും കാൽനടയ്ക്കും ഈ വനപാത ഉപയോഗിച്ചിരുന്നു. തേക്കടിയിൽ നിന്ന് എട്ട് കിലോമീറ്റർ ഫയർ ബെൽട്ട് നിർമ്മിച്ച പാതയിലൂടെ ജീപ്പുകൾക്ക് യാത്ര ചെയ്ത് വെള്ളക്കൽത്തട്ടയിലെത്താം. തുടർന്ന് കുത്തനെയുള്ള രണ്ട് കിലോമീറ്റർ കയറ്റിറക്കത്തിൽ മൂന്ന് ഹെയർപിൻ വളവുകളോടെ റോഡ് നിർമ്മിച്ചാൽ മലയടിവാരത്ത് എത്താം. ശേഷം നിലവിലെ റോഡിലൂടെ യാത്ര തുടരാനും കഴിയും. മരങ്ങളോ പാറക്കൂട്ടങ്ങളോ ഇല്ലാത്തതിനാൽ പരിസ്ഥിതി പ്രശ്‌നവും വരുന്നില്ല. ഈ സ്ഥലങ്ങളെല്ലാം സംസ്ഥാന വനം വകുപ്പിന് കീഴിലാണ്. വനം ഉദ്യോഗസ്ഥരുടെ ജീപ്പ് ഇതിലെ യാത്ര ചെയ്യാറുണ്ട്. ഈ റോഡിലൂടെ തേക്കടിയിൽനിന്ന് 28 കിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരിയ ചോല - ആനമട - മിന്നാംപാറ വഴി നെല്ലിയാമ്പതിയിലെത്താം. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായപ്പോൾ നെല്ലിയാമ്പതി ഒറ്റപ്പെട്ടിരുന്നു. ചുരം റോഡിന് ബദൽ പാത വരുന്നതോടെ ഈ പ്രശ്‌നവും പരിഹരിക്കപ്പെടും.

ഉറപ്പ് പാഴായി,

തടസവാദവുമായി

ഉദ്യോഗസ്ഥർ

2016 സെപ്‌തംബർ 29ന് ചെമ്മണാമ്പതി അടിവാരത്തിൽ നിന്ന് തേക്കടിയിലേക്ക് പാതവെട്ടാൻ തയ്യാറായി ഊരുവാസികൾ എത്തിയിരുന്നു. അന്ന് ഡിസംബർ 31നകം പാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാമെന്ന് വനപാലകർ ഉറപ്പുനൽകിയതായി ഊരുവാസികൾ പറയുന്നു. പക്ഷേ, അതിനുശേഷം മൂന്നുതവണ ഡിസംബർ 31 വന്നെങ്കിലും ഇവിടെ കാര്യങ്ങളൊന്നും മാറിയില്ല.

വനംവകുപ്പ് നടത്തിയ പഠനത്തിൽ ഇവിടെ പാത നിർമ്മിക്കാനാവില്ലെന്നാണ് റിപ്പോർട്ടെന്ന് ചിറ്റൂർ തഹസിൽദാർ പറയുന്നു. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് കിടക്കുന്ന വനഭൂമിയാണെന്നതാണ് പാതയ്ക്ക് തടസമാകുന്ന പ്രധാന വാദം. എന്നാൽ, ഈ വനമേഖല നെന്മാറ ഡിവിഷൻ പരിധിയിലെ കൊല്ലങ്കോട് റേഞ്ചിലാണ്. ഇവിടെ മണ്ണുപാത നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി മാത്രം മതി. പക്ഷേ, ബന്ധപ്പെട്ട അധികൃതർ ആരും ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.