jim
കോട്ടമൈതാനത്തെ ഓപ്പൺ ജിംനേഷ്യത്തിനകത്ത് പുല്ലും കുറ്റിച്ചെടികളും വളർന്ന് കാടുപിടിച്ച നിലയിൽ.

പാലക്കാട്: ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ചെറിയ കോട്ടമൈതാനത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം കാടുപിടിച്ചു നശിക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഏഴ് മാസത്തോളമായി ജിംനേഷ്യം അടച്ചുപൂട്ടിയിട്ട്. ഇതോടെ പുല്ലും കുറ്റിച്ചെടികളും വളർന്ന് കാടുകയറിയും ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായി. ഒരുമാസം മുമ്പ് നഗരസഭ ശുചീകരണ തൊഴിലാളികൾ കോമ്പൗണ്ടിനകത്തെ കാട് വെട്ടി തെളിച്ചിരുന്നു. ഇപ്പോൾ വീണ്ടും പഴയപടിയായി.

മികച്ച സൗകര്യം

എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 16.50 ലക്ഷം രൂപ ചെലവഴിച്ച് 2018 ഡിസംബറിലാണ് ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചത്. നഗരസഭയാണ് സ്ഥലം അനുവദിച്ചത്. മെട്രോ നഗരങ്ങളിൽ കാണാറുള്ള ജിംനേഷ്യത്തിന്റെ രൂപത്തിലാണ് രൂപ കല്പന. ഒരേസമയം 60 പേരിലേറെ പേർക്ക് ഉപയോഗിക്കാം. പുലർച്ച നാലുമുതൽ എട്ടുവരെയും വൈകിട്ട് അഞ്ചുമുതൽ പത്തുവരെയുമാണ് പ്രവർത്തിച്ചിരുന്നത്.

നടപടി വേണം

ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ജിംനേഷ്യം സംരക്ഷിക്കാതിരുന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലാകുമ്പോൾ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാകും. ആയതിനാൽ ജിംനേഷ്യം വൃത്തിയാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലോക്ക് ഡൗണിന് ശേഷം കാടുകയറിയ ജിംനേഷ്യം നന്നാക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് ഒരു തവണ മാത്രമാണ് വൃത്തിയാക്കയത്. നിലവിലെ കാടുവെട്ടിതെളിച്ച് ഉപകരണങ്ങൾ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും.

-അബ്ദുൾ ഷുക്കൂർ, പൊതുമരാമത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ, പാലക്കാട് നഗരസഭ.