
പാലക്കാട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിലെ നിരോധനാജ്ഞയ്ക്കിടയിലും യാതൊരു നിയന്ത്രണവുമില്ലാതെ ബാങ്കുകളിലെ പ്രവർത്തനം തുടരുന്നു. ജില്ലയിലെ മിക്ക ബാങ്കുകളുടെ മുന്നിലും ജനങ്ങളുടെ നീണ്ടനിരയാണ്. ബാങ്കുകളിൽ നിന്ന് സമ്പർക്കത്തിലൂടെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. ജില്ലയിലെ പല ബാങ്കുകളുടെ ശാഖകളും കൊവിഡ് ബാധയെ തുടർന്ന് നിലവിൽ പൂട്ടികിടക്കുകയാണ്.
ബാങ്ക് ഇടപാടുകൾക്ക് പ്രത്യേക ക്രമീകരണവും നിയന്ത്രണങ്ങളും ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. കൂടുതൽ കർശനമായ ക്രമീകരണം ഏർപ്പെടുത്താതെ ജോലി ചെയ്യേണ്ടി വരുന്നതിൽ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ലോക്ക് ഡൗണിന്റെ തുടക്കം മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവശ്യ സർവീസ് മേഖലയായിട്ടു കൂടി ജീവനക്കാരുടെ സുരക്ഷാ കാര്യത്തിൽ മതിയായ ശ്രദ്ധ പതിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അടച്ചിടൽ ഒഴിവാക്കാൻ ഡ്യൂട്ടി ക്രമീകരിക്കണം
പല ബാങ്കുകളിലും തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. കണ്ടെയ്ൻമെന്റ് സോണിലുള്ള ബാങ്കുകളിൽ മാത്രമാണ് നിലവിൽ 50% ജീവനക്കാരുമായി പ്രവർത്തിക്കുന്നത്. മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കുന്ന ശാഖകളിൽ കൊവിഡ് ബാധിച്ചാൽ ദിവസങ്ങളോളം അടച്ചിടേണ്ട അവസ്ഥയാണ്. എല്ലായിടത്തും ജീവനക്കാരുടെ എണ്ണം 50% ആക്കണം. കൂടാതെ ഇടപാടുകൾ കൂടുതൽ ഓൺലൈനാക്കണം.
-സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി, എ.ഐ.ബി.ഇ.എ, പാലക്കാട്.