dtpc
മങ്കര തടയണയിൽ നടന്ന കയാക്കിങ് സാധ്യതാ പഠനത്തിൽ ആദ്യത്തെ തുഴയലിന് ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ നേതൃത്വം നൽകിയപ്പോൾ.

പാലക്കാട്: ജില്ലയിൽ സാഹസിക ജലവിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജലാശയങ്ങളിൽ ഡി.ടി.പി.സി കയാക്കിംഗ് സാദ്ധ്യതാ പഠനം നടത്തി. മങ്കര തടയണ, മംഗലം ഡാം, മലമ്പുഴ ഡാം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കയാക്കിംഗ് നടത്തിയത്. മങ്കര തടയണയിൽ നടന്ന ആദ്യത്തെ തുഴയലിന് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ നേതൃത്വം നൽകി. കെ.ജി.അജേഷ്, ജെല്ലിഫിഷ് ഫിഷ് ജനറൽ മാനേജർ ശ്രീജിത്ത് പങ്കെടുത്തു.

ജില്ലയിൽ ടൂറിസം ഉല്പന്നങ്ങൾ വർദ്ധിപ്പിക്കുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം നിലനിറുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ജലാശയങ്ങളിലെ വിനോദസഞ്ചാര സാദ്ധ്യതകൾ മനസിലാക്കുന്നതിനായി പഠനം നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജല വിനോദസഞ്ചാര മേഖലയിലെ പ്രശസ്തരായ ജെല്ലിഫിഷ് ഫിഷ് വാട്ടർ സ്പോർട്‌സ് എന്ന സംരംഭകരുമായി സംയോജിച്ചാണ് കയാക്കിംഗ് സംഘടിപ്പിച്ചത്.

കൂടുതൽ ഇടങ്ങളിലേക്ക്

തൂതപ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി ഡാം എന്നിവിടങ്ങളിലും കയാക്കിംഗ് സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അനുവാദം ലഭിച്ചാലുടൻ പഠനം നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഇതിന് പുറമേ റിവർ റാഫ്‌റ്റിംഗ് (ഒരു ബോട്ടിൽ 5-6 പേർ തുഴയുന്നത്) നടത്താനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഇത്തരത്തിൽ സാഹസിക ജലവിനോദ സഞ്ചാരം നടത്താറുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന നിരോധനാജ്ഞ കഴിഞ്ഞ ശേഷം ജില്ലയിൽ കയാക്കിംഗ് നടത്താൻ അവസരം ഒരുക്കും. സന്ദർശകരുടെ പ്രതികരണം അനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കും.

-കെ.ജി.അജേഷ്, ഡി.ടി.പി.സി. സെക്രട്ടറി, പാലക്കാട്.