
ഒറ്റപ്പാലം: കുരങ്ങന്മാരുടെ ശല്യത്തിൽ പൊറുതിമുട്ടി മേലൂരുകാർ. കണ്ണ് തെറ്റിയാൽ വീടുകൾക്കുള്ളിൽ കടന്ന് ഭക്ഷണ സാധനങ്ങളും മറ്റ് വസ്തുക്കളും അടിച്ച് മാറ്റുന്നത് മൂലം ദുരിതത്തിലായി പ്രദേശത്തെ ജനങ്ങൾ. വീടിന്റെ ഓടുപൊളിച്ചും ജനലുകൾക്കിടയിലൂടെയും മേൽക്കൂരകൾക്കിടയിലൂടെയും അകത്ത് കയറുന്ന വാനരന്മാരെ തുരത്താൻ ശ്രമിച്ചാൽ ഉപദ്രവിക്കാൻ വരും.
പല വീടുകളിലും വാനരശല്യം മൂലം എന്തെങ്കിലും പാചകം ചെയ്ത് വെക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. വീട്ടിലെന്തെങ്കിലും ഉണ്ടാക്കി വെച്ച് ജോലിക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും പാത്രങ്ങൾ കാലിയാകും. ഇത് പതിവായതോടെ പലരും ഭക്ഷണമുണ്ടാക്കി മുറികൾക്കകത്ത് പൂട്ടിവെച്ച് പോകേണ്ട സ്ഥിതിയാണ്. പച്ചക്കറികളും ധാന്യങ്ങളും പോലും സൂക്ഷിക്കാൻ കഴിയുന്നില്ല. അനങ്ങൻമലയിൽ നിന്നും കൂനൻമലയിൽ നിന്നുമാണ് വാനരന്മാർ കൂട്ടത്തോടെ ഭക്ഷണം തേടി ഇറങ്ങുന്നത്.
നേരം വെളുത്താൽ സംഘടിച്ചെത്തുന്ന വാനര സംഘം മേലൂരിലെ റോഡരികുകളിലെ നിത്യ കാഴ്ചയാണ്. പിന്നെ വൈകിട്ട് വരെ വീടുകളിലെയും കൃഷിസ്ഥലങ്ങളിലെയും ഭക്ഷ്യവസ്തുക്കൾ കവർന്നുതിന്നലാണ് പണി.
കൃഷി ചെയ്യാനും പറ്റില്ല
വാനരന്മാരെ പേടിച്ച് വീട്ടുമുറ്റത്തോ കൃഷിയിടങ്ങളിലോ പച്ചക്കറി കൃഷി ചെയ്യാനാകാത്ത സാഹചര്യവുമുണ്ട്. കൂട്ടത്തോടെ ഇറങ്ങുന്ന ഇവ പാകമായ പച്ചക്കറികൾ തിന്ന് കൃഷി മൊത്തം നശിപ്പിച്ച് കടന്നു കളയും. കൂട്ടത്തിൽ അധികം പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളമുള്ള കായാകുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയും. നാളികേരം കൂടാതെ പുളി, ചക്ക, മാങ്ങ,പപ്പായ എന്നിവയും നശിപ്പിക്കും.
വാഴക്കൃഷിയും ചെയ്യാൻ പറ്റില്ല. കൂട്ടത്തോടെ വന്ന് കായതിന്ന് വാഴ മൊത്തം നശിപ്പിക്കും. താണിക്കപ്പറമ്പ്, ഭരതപ്പാറ, കീഴ്പാടം, നടപ്പുലാക്കൽ, പടിഞ്ഞാറേതിൽ, മുളംപ്ലാച്ച് കോളനി, കോവിലിന് സമീപം തുടങ്ങി മിക്ക പ്രദേശങ്ങളിലും വാനര ശല്യമുണ്ട്. ഹെക്ടർ കണക്കിന് ഭൂമി ഇവിടെ തരിശിട്ടിരിക്കുകയാണ്.