വടക്കേഞ്ചേരി: രാവും പകലും പാടങ്ങളിലെ പന്നിശല്യത്തിന് കാവലിരുന്നിട്ടും കൂർക്ക കർഷകർക്ക് രക്ഷയില്ല. വിളവും വിലയും കുറഞ്ഞതോടെ സകല പ്രതീക്ഷയും പൊലിഞ്ഞു. കൊവിഡിനെ തുടർന്ന് തൃശൂർ മാർക്കറ്റ് അടച്ചതും തിരിച്ചടിയായി. കൂർക്കയുടെ പ്രധാന വിപണന കേന്ദ്രമാണ് തൃശൂർ.
വിളവെടുക്കാൻ തുടങ്ങിയ സമയത്ത് 70 രൂപയുണ്ടായിരുന്നത് ഇന്നലെ 28 ആയി താഴ്ന്നു. പൊതുവിപണിയിൽ 50 ആണ് വില. ഇടനിലക്കാരും വ്യാപാരികളും കർഷകരെ കൊള്ളയടിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി വയലുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ ഇതോടെ വലിയ പ്രതിസന്ധിയിലായി.
തിരിച്ചടി ഇങ്ങനെ
കനത്ത മഴയും വെളളം മൂടി നിന്നതും കിഴങ്ങിറങ്ങുന്നതിനെ സാരമായി ബാധിച്ചതാണ് വിള മോശമാകാൻ കാരണം. മാർക്കറ്റുകൾ അടച്ചതിനാൽ വിളവെടുത്ത കിഴങ്ങ് വിപണി കിട്ടാതെ നശിച്ചുപോവും. മൂത്ത് പാകമായാൽ പിന്നെ വിളവെടുപ്പ് നീട്ടാനും കഴിയില്ല. കിട്ടിയ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരും. തൃശൂരിന് പുറമേ പെരുമ്പാവൂർ, അങ്കമാലി, എറണാകുളം, തൃപ്പുണിത്തുറ എന്നിവിടങ്ങളിലേക്കാണ് മേഖലയിൽ നിന്ന് കൂർക്ക കൂടുതലായും കയറ്റിപ്പോകുന്നത്.