docter

നെന്മാറ: അയിലൂർ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി രണ്ടുമാസം പിന്നിട്ടിട്ടും ജീവനക്കാരുടെ കുറവുമൂലം മതിയായ സേവനം ലഭിക്കാതെ നാട്ടുകാർ ദുരിതത്തിൽ. വൈകിട്ട് അഞ്ചുവരെ ഒ.പി ചികിത്സയും മൂന്നു ഡോക്ടർമാരുടെ സേവനവും ലഭിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും നിലവിൽ ഒരു ഡോക്ടർ ഉച്ചവരെ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയാൽ മൂന്ന് ഡോക്ടർമാരെ നിയമിക്കണമെന്നാണ് വ്യവസ്ഥ. പി.എസ്.സി മുഖേന മതിയായ ജീവനക്കാരെ ലഭ്യമല്ലെങ്കിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഡോക്ടറെയും നഴ്‌സിനെയും ലാബ്‌ ടെക്‌നീഷ്യനെയും നിയമിക്കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും പാലിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അസുഖ ബാധിതനായെത്തിയ ആളെ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചെങ്കിലും ഡോക്ടർമാർ കൊവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ അവിടെയും ചികിത്സ ലഭിച്ചില്ല. ഒടുവിൽ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.

രണ്ട് ഡോക്ടർമാരുണ്ടായിരുന്ന അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരാളെ ജില്ലാ ആശുപത്രി ഫസ്റ്റ് ലൈൻ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതിനാൽ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം മാത്രമാണുള്ളത്.

ഉടൻ നിയമിക്കണം

അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതലായി അനുവദിച്ച തസ്തികകളിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിച്ച് സേവനം ലഭ്യമാക്കണം.

-പത്മഗിരീശൻ, പഞ്ചായത്ത് പ്രതിപക്ഷാംഗം.

നടപടിയെടുക്കും

ആവശ്യമായ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം നിലവിലുണ്ട്. ഒ.പിയ്ക്കും മറ്റും തടസമില്ല. രണ്ട് ഡോക്ടർമാരിൽ ഒരാളുടെ സേവനം കൊവിഡ് പശ്ചാത്തലത്തിലാണ് താത്കാലികമായി ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയത്. ഡോക്ടർ ഉടൻ തിരികെ പ്രവേശിക്കും.

-അഡ്വ.കെ.സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ്.