
പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണം തുടങ്ങിയെങ്കിലും കൂടുതൽ സ്വകാര്യ മില്ലുകാർ സപ്ലൈകോയുമായി കരാർ ഒപ്പിടുന്നതിൽ നിന്ന് മാറിനിൽക്കുന്നതിനാൽ പ്രവർത്തനം നിലവിൽ മന്ദഗതിയിലാണ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ ഉപസമിതി യോഗത്തിൽ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരണത്തിന് ജില്ലയിലെ 29 സംഘങ്ങൾ സന്നദ്ധത അറിയച്ചത് കർഷകർക്ക് ഏറെ ആശ്വാസം നൽകുന്നു.
ആലത്തൂർ മാർക്കറ്റിംഗ് സൊസൈറ്റി അടക്കം 29 സംഘങ്ങളാണ് നെല്ല് സംഭരിക്കാൻ തയ്യാറായത്. ഇതോടെ നെല്ല് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ സംഘങ്ങൾ ആരംഭിച്ചു.
സംഭരണം മുതൽ അരിയാക്കി എഫ്.സി.ഐക്ക് നൽകുന്നത് വരെയുള്ള ചുമതല സംഘങ്ങൾ വഹിക്കും. മില്ലുകളുമായി ഇവർ കരാറിലേർപ്പെടും. കരാർ നടപടി പൂർത്തിയാകുന്നതോടെ ജില്ലയിൽ സംഭരണം സജീവമാകും.
നിലവിൽ പാഡികോ ഉൾപ്പെടെ അഞ്ച് മില്ലുകളുമായി സഹകരിച്ചാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തും കൊയ്ത്ത് സജീവമായി.
പി.ആർ.എസ് നൽകുന്നതിനുള്ള സൗകര്യവും നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരെയും സപ്ലൈകോ ഏർപ്പെടുത്തും. പി.ആർ.എസിന്റെ അടിസ്ഥാനത്തിൽ കർഷകന് നെല്ലളന്ന അന്നുതന്നെ പണം നൽകും. താങ്ങുവില കിലോയ്ക്ക് 27.48 രൂപയ്ക്കാണ് നെല്ലെടുക്കുന്നത്.
-കൃഷ്ണകുമാരി, പി.എം.ഒ, പാലക്കാട്.
സഹകരണ സംഘങ്ങൾ സംഭരിക്കാൻ തയ്യാറായത് ഏറെ ആശ്വാസം നൽകുന്നു. ഇനി കരാർ നടപടി എത്രയും വേഗത്തിലാക്കാൻ അധികൃതർ തയ്യാറാകണം.
-മുതലാംതോട് മണി, ജില്ലാ ജന.സെക്രട്ടറി, ദേശീയ കർഷക സമാജം.