lorry-accident
പുഞ്ചപ്പാടത്ത് അപകടത്തിൽപ്പെട്ട ചരക്കുലോറി.

കടമ്പഴിപ്പുറം: മുണ്ടൂർ- തൂത സംസ്ഥാന പാതയിൽ പുഞ്ചപ്പാടം വളവിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ചരക്കുലോറികൾ കൂട്ടിയിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

വാളയാറിൽ നിന്ന് സിമന്റുമായി കോഴിക്കോട്ടേക്ക് പോയ ലോറിയും കോഴിക്കോട് നിന്ന് ചിരട്ടയുമായെത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിറുത്താതെ പോയ ചിരട്ട കയ​റ്റിയ ലോറി പിന്നീട് പൊലീസ് പിടികൂടി. നിയന്ത്റണം വിട്ട സിമന്റ് ലോറി പാതയോരത്തേക്കിറങ്ങി. ലോറിയുടെ മുൻവശം ഭാഗികമായി തകർന്നു.

അഞ്ച് വളവുകൾ; ആറുമാസത്തിനിടെ 20 അപകടം

ഈ ഭാഗത്ത് അടുത്തടുത്തായി അഞ്ച് കൊടുംവളവുകളാണുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇവിടെ ഇരുപതിലേറെ അപകടമാണുണ്ടായത്. ഇവിടുത്തെ വളവുകൾ നിവർത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞ നവീകരണത്തിലും നടപ്പായില്ല. രാത്രിയാണ് മിക്ക അപകടവും. തുടർച്ചയായി അപകടമുണ്ടാകുന്നത് സമീപവാസികളുടെ ഉറക്കം കെടുത്തുന്നു. ഇറക്കത്തോടെയുള്ള എസ് വളവുകൾ നിവർത്തിയാൽ മാത്റമെ അപകട പരമ്പര അവസാനിക്കൂ.

റീബിൽഡിൽ വളവ് നിവരുമോ

സർക്കാർ റീബിൽഡ് പദ്ധതിയിൽ 324 കോടി രൂപ ചിലവിൽ റോഡ് നാലുവരിയായി നവീകരിക്കുന്നുണ്ട്. പദ്ധതി നടപ്പാവുമ്പോൾ കൊടുംവളവുകൾ നിവർത്തണമെന്ന ആവശ്യം ഇതോടെ ശക്തമായി. സർവെയിൽ വളവില്ലാതാക്കാനുള്ള നടപടിയില്ലെന്ന് പ്റദേശവാസികൾ ആശങ്കപ്പെടുന്നു. വളവ് നിവർത്താതെ പാത നാലുവരിയാക്കി റബറൈസ്ഡ് ചെയ്താൽ ദിനംപ്റതി അപകടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.