മംഗലംഡാം: വിരണ്ടോടി മൂന്നുദിവസത്തോളം മംഗലംഡാമിലും പരിസരത്തും ഭീതി പരത്തിയ പോത്തിനെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ കീഴടക്കി. പോത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതരമല്ല.
വീഴ്ലിയിൽ നിന്ന് വിരണ്ടോടിയ പോത്താണ് വാഹന യാത്രക്കാരെയും വീട്ടമ്മമാരെയും തൊഴിലാളികളെയും ഉൾപ്പെടെ കുത്തിവീഴ്ത്തി ഭീതി പരത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചിറ്റടിയിലെത്തിയ പോത്ത് ചുമട്ടുതൊഴിലാളി പഴിനിമലയെയും കുഞ്ചുമ്മാൾ എന്ന വീട്ടമ്മയേയും ആക്രമിച്ച ശേഷം കണിയമംഗലം ഭാഗത്തേക്ക് പോയി.
വ്യാഴാഴ്ച കാലത്ത് ഒടുകൂർ ഭാഗത്ത് പോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പിന്നീട് അപ്രത്യക്ഷമായ പോത്ത് വെള്ളിയാഴ്ച കാലത്ത് മംഗലംഡാം ഭാഗത്തേക്ക് വരുന്നതിനിടയിൽ കണ്ണിൽ കണ്ടവരെയെല്ലാം കുത്തിമറിച്ചു. ബൈക്ക് യാത്രക്കാരെയും വെറുതെ വിട്ടില്ല.
പനിക്കുളമ്പ് മാതു, ടാക്സി ഡ്രൈവർ മണി, ചുമട്ടുതൊഴിയാളി രമേശ്, ഓട്ടോ ഡ്രൈവർ ഷക്കീർ തുടങ്ങിയവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒടുവിൽ മംഗലംഡാം ഉദ്യാനത്തിനത്തിനകത്തേക്ക് ഓടിയ പോത്തിനെ സാഹസികമായി കീഴടക്കുകയായിരുന്നു.