road-parambikkulam
സേത്തുമടയിൽ നിന്ന് തേക്കടിയിലേക്കുള്ള ദുർഘടമായ വനപാത.

കൊല്ലങ്കോട്: പറമ്പിക്കുളത്തുകാർക്ക് പഞ്ചായത്ത് ഓഫീസിലോ താലൂക്ക് ജില്ലാ ആസ്ഥാനത്തോ പോയിവരണമെങ്കിൽ തമിഴ്നാട് സർക്കാറിന്റെ കനിവ് വേണം. തമിഴ്നാട്ടിലൂടെയല്ലാതെ പറമ്പിക്കുളത്തുകാർക്ക് കേരളത്തിലെ മറ്റിടങ്ങളിലെത്താൻ യാതൊരു നിർവാഹവുമില്ല.
മാറിമാറി വരുന്ന സേത്തുമടയിലെ തമിഴ്നാട് ചെക്ക് പോസ്റ്റ് ജീവനക്കാരുടെ കനിവ് ലഭിച്ചില്ലെങ്കിൽ യാത്ര പെരുവഴിയിലാകും. പറമ്പിക്കുളം നിവാസികളും ഇവിടുത്തെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സേത്തുമടയിലെ ഉദ്യോഗസ്ഥരുടെ കിരാത നടപടികൾക്കും അസഭ്യ വർഷങ്ങൾക്കും പലപ്പോഴും ഇരകളായിട്ടുണ്ട്.
സേത്തുമടയിൽ നിന്ന് നേരെ പറമ്പിക്കുളത്തേക്കുള്ള പാതയാണ്. ഇതിൽ ആദ്യം വലതു ഭാഗത്തേക്ക് കാണുന്ന പൊട്ടിപ്പൊളിഞ്ഞ പാതയാണ് തേക്കടിയിലേക്കുള്ള വനപാത. ദുർഘട വഴിയിലൂടെ 12 കി.മീ സാഹസികമായി സഞ്ചരിച്ചാൽ തേക്കടിയിലെത്താം.
അല്ലിമൂപ്പൻ, ഒറവൻപാടി, മുപ്പതേക്കർ എന്നീ കോളനികളിൽ 197 കുടുംബങ്ങളിലായി 650 ആളുകൾ ഇവിടെ താമസിക്കുന്നു.
ഇതിൽ പത്താംതരം മുതൽ പി.ജി വരെ നേടിയ 59 പേരുണ്ട്. വിദ്യാസമ്പന്നരുണ്ടെങ്കിലും ജോലിയില്ലായ്മ ഇവരെ ഏറെ അലട്ടുന്നു. മലമുകളിൽ കഴിയുന്ന ഇവർക്ക് 48 കി.മീ ചുറ്റി വേണം മുതലമട പഞ്ചായത്ത് ഓഫീസിലെത്താൻ.
ആരോഗ്യ വകുപ്പിന്റെ പ്രവർത്തനവും കോളനിയിലെത്തുന്നില്ല. അസുഖം ബാധിച്ചാൽ ജില്ലാ ആശുപത്രിയിൽ എത്തണമെങ്കിൽ നാലുമണിക്കൂറെങ്കിലുമെടുക്കും. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഇടപെട്ട് രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ ആബുലൻസ് സഹായമാണ് തേടുന്നത്. റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം വാഹനങ്ങൾ തേക്കടിയിലേക്ക് വരാൻ മടിക്കുകയാണ്. തേക്കടിയിൽ നിന്ന് ചെമ്മണാമ്പതിയിലെത്താൻ ആറ് കി.മീ വനപാത പൂർത്തീകരിച്ചാൽ മതിയാകും. ഇതോടെ തമിഴ്നാട്ടിലൂടെയല്ലാതെ സ്വന്തമായൊരു വഴിയും കേരളത്തിന് പറമ്പിക്കുളത്തേക്ക് ലഭിക്കും.