bus

പാലക്കാട്: ലോക്ക് ഡൗണിൽ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസ് വ്യവസായം ആറുമാസം പിന്നിട്ടിട്ടും കരകയറാനാവാതെ വൻ സാമ്പത്തിക തകർച്ചയിൽ. ജില്ലയിലെ ട്രാവൽസ് ഉടമകളും ജീവനക്കാരും കൊവിഡിന് ശേഷം വലിയ ജീവിത പ്രതിസന്ധിയാണ് നേരിടുന്നത്.

പ്രതിമാസം 20,000 മുതൽ 50,000 രൂപവരെ വരുമാനം ലഭിച്ചിരുന്നവരാണ് ദുരിതത്തിലായത്. അൺലോക്കിനെ തുടർന്ന് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ചുരുക്കം ചില ട്രാവൽസുകളുടെ കാറുകൾക്ക് ഓട്ടം ലഭിച്ചതൊഴിച്ചാൽ മേഖല തീർത്തും നിശ്ചലമാണ്. ഒക്ടോബറോടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ചിങ്ങത്തിലെ വിവാഹ സീസണ് പുറമേ ഇത്തവണ ശബരിമല തീർത്ഥാടന കാലവും നഷ്ടമാകുമെന്നുറപ്പായി.

കൊവിഡ് പ്രതിസന്ധി മാറി ജനജീവിതം സാധാരണ മട്ടിലായാലും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മാസങ്ങളോളം വേണ്ടിവരും.

ജീവനക്കാർ ദുരിതത്തിൽ

ജില്ലയിലെ പല ട്രാവൽസുകളിലുമായി ജോലി ചെയ്തിരുന്ന ഡ്രൈവർ, ക്ലീനർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റൊരു ജോലിയും ലഭിക്കാതെ കഷ്ടപ്പാടിലാണ്. ചുരുക്കം ചിലർ ഓട്ടോ, ലോറി ഡ്രൈവർമാരായി പോയും കാർഷിക-നിർമ്മാണ മേഖലയിലും കൂലിപ്പണിയെടുത്താണ് നിത്യചെലവിനുള്ള വരുമാനം കണ്ടെത്തുന്നത്.

ബസുകൾ കാടുകയറി

മാർച്ചിൽ നിറുത്തിയിട്ട പത്ത് ടൂറിസ്റ്റ് ബസുകളും ഇതുവരെ അനങ്ങിയിട്ടില്ല. പല ബസുകളുടെയും ചുറ്റും കാടുകയറി. ജനജീവിതം സാധാരണ നിലയിലായാലും ഒരു ബസ് അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാൻ ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും വേണം. നൂറുകണക്കിന് ബുക്കിംഗുകളാണ് ഈ കാലയളവിൽ റദ്ദായത്.

-ജ്യോതികുമാർ, അയ്യപ്പ ട്രാവൽസ്, പാലക്കാട്.

വരുമാനം നാലിലൊന്നായി

കൊവിഡിന് മുമ്പ് പ്രതിദിനം 10,000 രൂപയായിരുന്നു ശരാശരി വരുമാനം. മാർച്ച് മുതൽ ജൂലായ് വരെ യാതൊരു വരുമാനവും ഇല്ലായിരുന്നു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് കാറുകൾക്കു മാത്രം അത്യാവശ്യം എയർപോർട്ട് യാത്ര ലഭിച്ചു. തുടർന്ന് പ്രതിദിനം 2500 രൂപയെങ്കിലും കിട്ടിയിരുന്നു. രോഗവ്യാപനം കൂടിയതോടെ ഈ മാസം അതും നിലച്ചു.

-പ്രസീത മേനോൻ, ആരം ട്രാവൽസ്, പാലക്കാട്.