padam
വരിശല്യം വ്യാപിച്ചതിനെ തുടർന്ന് കൊയ്തെടുക്കാതെ കിടക്കുന്ന വടക്കഞ്ചേരി മേഖലയിലെ പാടശേഖരം.

വടക്കഞ്ചേരി: മഴയും വെയിലും നോക്കാതെ പാടശേഖരങ്ങളിൽ നടത്തിയ നാലുമാസത്തെ കഠിനാദ്ധ്വാനം ഉപേക്ഷിച്ചിരിക്കുകയാണ് മേഖലയിലെ കർഷകർ. പാടങ്ങളിൽ വിളയെക്കാൾ കളയും വരിയും നിറഞ്ഞതോടെയാണ് നഷ്ടം സഹിച്ച് കൃഷി കൊയ്‌തെടുക്കാതെ ഉപേക്ഷിക്കുന്നത്. കൊയ്‌തെടുത്താലും യന്ത്രത്തിന് നൽകാനുള്ള ചെലവ് പോലും കിട്ടില്ല.

വരി നിറഞ്ഞ നെല്ല് സിവിൽ സപ്ലൈസിന് അളക്കാനും കഴിയില്ല. സ്വകാര്യ മില്ലുകാരും നെല്ലേറ്റെടുക്കാൻ തയ്യാറാകുമോയെന്ന സംശയം കർഷകർക്കുണ്ട്. ഇതോടെയാണ് ഇനിയും നഷ്ടം സഹിച്ച് കൊയ്ത്ത് നടത്താൻ കർഷകർ തയ്യാറാകാത്തത്.

ദിവസങ്ങൾക്ക് മുമ്പ് കൂളിയാട്ടിലെ അഞ്ചേക്കർ പാടം കർഷകൻ പൂട്ടി മറിച്ചിരുന്നു. ഇപ്പോൾ കൂടുതൽ കർഷകർ ഇതിന് തയ്യാറാകുകയാണ്. വിളയിറക്കലിന്റെ തുടക്കത്തിൽ കാലാവസ്ഥയിൽ വന്ന വ്യതിയാനമാണ് കർഷകരെ വെട്ടിലാക്കിയത്.

വരികൂടുതൽ പൊടിവിതയിൽ

പൊടിവിത നടത്തിയ പാടങ്ങളിലാണ് വരി കൂടുതൽ വ്യാപിച്ചത്. കളനാശിനി പ്രയോഗം നടത്തിയും പതിനായിരങ്ങൾ ചെലവഴിച്ച് കള വലിച്ചിട്ടും വരിശല്യം കുറഞ്ഞിട്ടില്ല. അവസാന സമയത്താണ് വരി കളയെക്കാൾ ഉയർന്ന് പൊങ്ങിയത്. കതിർ നിരക്കുന്ന സമയമായതിനാൽ ഇവ വലിച്ചുകയറ്റാനും കഴിയാതായി. ഇനിയുള്ള മൂന്ന് വിളവുകളെങ്കിലും ഞാറുനടീൽ നടത്തിയാൽ മാത്രമേ പാടങ്ങളിലെ വരിശല്യത്തിന് പരിഹാരമാകൂ.