photo
ഡ്രയറിന്റെ ആലത്തൂർ നിയോജക മണ്ഡലതല ഉദ്ഘാടനം മേലാർകോട് കനാത്ത് കളത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ നിർവ്വഹിക്കുന്നു.

ആലത്തൂർ: മണ്ഡലത്തിലെ പാടശേഖരങ്ങളിലെ നെല്ലുണക്കാൻ ഇത്തവണയും നിറയുടെ ഡ്രയറുകൾ ലഭ്യമാകും. നെല്ലും പതിരും വേർതിരിക്കുന്ന വിന്നോവർ ഘടിപ്പിച്ച യന്ത്രങ്ങളാണെത്തുക. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഡ്രയറിൽ രണ്ട് ടൺ വരെ ഒരു സമയം ഉണക്കിയെടുക്കാം. ഒന്നര മുതൽ രണ്ടര മണിക്കൂർ സമയം മാത്രമാണെടുക്കുക.

നെല്ല് കൂട്ടിവെച്ച് യന്ത്രത്തിന്റെ കുഴൽ നെല്ലിലേക്ക് വച്ച് കൊടുത്താൽ ഉണക്കി നെല്ലും പതിരും വേർതിരിച്ച് കിട്ടും. ട്രാക്ടറിൽ ഘടിപ്പിച്ച ഡ്രയർ അയൽ സംസ്ഥാനത്ത് നിന്നാണെത്തിച്ചത്. മണിക്കൂറിന് 2600 രൂപ നിരക്കിൽ യന്ത്രം ലഭിക്കും.

മണ്ഡലംതല ഉദ്ഘാടനം മേലാർകോട് കനാത്ത് കളത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വസന്തകുമാരി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം സുനിത, കൃഷി ഓഫീസർ സനീഷ് കുമാർ, മോഹൻദാസ്, കെ.കെ.കൃഷ്ണദാസ് സംസാരിച്ചു.