fish

ചിറ്റൂർ: അതിർത്തി പഞ്ചായത്തുകളിൽ വീണ്ടും ആഫ്രിക്കൻ മുഷി വളർത്തൽ വ്യാപകം. 150 ഓളം കുളങ്ങളിലായി 400 ഏക്കറിലധികം സ്ഥലത്ത് നിരോധിത മുഷി കൃഷി നടക്കുന്നതായാണ് ഫിഷറീസ് വകുപ്പിന്റെ കണ്ടെത്തൽ.

അധികൃതരുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശ ഇത്തരം സംഘങ്ങൾക്ക് ലഭിക്കുന്നതായി സൂചനയുണ്ട്. പഞ്ചായത്തുകൾ നിരവധി തവണ മുഷി വളർത്തൽ നിരോധിച്ചതായി ഉത്തരവിറക്കിയെങ്കിലും അതെല്ലാം നിമിഷവേഗത്തിൽ ജലരേഖയായി മാറി.

കൊവിഡ് കാലം മറയാക്കി വൻതോതിലാണ് മുഷി വളർത്തൽ. മുഷി, വാള, കട്ട്ള എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അറവുശാല, ആശുപത്രി, ഹോട്ടൽ മാലിന്യങ്ങളാണ് തീറ്റയായി നിക്ഷേപിക്കുന്നത്.ദുർഗന്ധം മൂലം പരിസരവാസികൾ പൊറുതിമുട്ടുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കുടിവെള്ളവും മലിനപ്പെടുന്നുണ്ട്.

കോരയാർ, വരട്ടയാർ പുഴയോരങ്ങളുടെ ഇരുവശങ്ങളിലെയും കുളങ്ങളിലാണ് കൃഷി. രാത്രി തീറ്റയ്ക്കായി മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളും. ചില സന്ദർഭങ്ങളിൽ മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾക്ക് നിരവധി പേരുടെ അകമ്പടിയും ഉണ്ടാകും. പഞ്ചായത്തുകളും ഫിഷറീസ് വകുപ്പും ആരോഗ്യ വകുപ്പും ഇതിനെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരത്തേമ്പതി, എലപ്പുള്ളി, പൊൽപ്പുള്ളി എന്നീ പഞ്ചായത്തുകളിലാണ് മുഷി വളർത്തൽ കൂടുതൽ. വൻകിടക്കാർ കൃഷിഭൂമി പാട്ടത്തിനെടുത്ത് കുളങ്ങളാക്കി വൻതോതിൽ കൃഷി നടത്തുന്നുണ്ട്. ഒരു ഏക്കറിൽ 12000 കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ആറുമാസം കഴിഞ്ഞാൽ ഓരോ കുഞ്ഞും രണ്ടര കിലോ വരെ തൂക്കം വരും. 25 ടൺ വരെ ഒരു കുളത്തിൽ നിന്ന് ലഭിക്കും. ഒരു വർഷത്തെ സീസണിൽ 60 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് ഇവിടങ്ങളിൽ എത്തിക്കുന്നത്. ബംഗാളിൽ നിന്നാണ് കഞ്ഞുങ്ങളെ എത്തിക്കുന്നത്.

മുഷി വളർത്തൽ വ്യാപകമായതോടെ മലമ്പുഴ ഫിഷറീസ് അധികൃതർ എലപ്പുള്ളി പഞ്ചായത്തിലെ ഉപ്പതോട്ടിൽ നാല് മീൻ വളർത്തൽ കേന്ദ്രം ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഒരാഴ്ചക്കകം ആഫ്രിക്കൻ മുഷി പൂർണ്ണമായി ഒഴിവാക്കാനും ഇല്ലെങ്കിൽ കടുത്ത നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.