 
തരൂർ: കഴനി- പഴമ്പാലക്കോട് റോഡ് വർഷങ്ങളായി നവീകരണം നടത്താതെ തകർച്ചയുടെ വക്കിൽ. 11 വർഷമായി റോഡിൽ പേരിന് പോലും അറ്റകുറ്റപ്പണി നടന്നിട്ടില്ല.
എല്ലാ വർഷവും ബഡ്ജറ്റിൽ നവീകരണത്തിന് തുക നീക്കിവെക്കുമെന്ന് പ്രഖ്യാപനം വരുന്നതൊഴിച്ചാൽ നന്നാക്കന്നതിന് തുടർ നടപടി ഉണ്ടാവാറില്ല. അത്തിപ്പൊറ്റ പാലം പുനർനിർമ്മാണം നടന്ന് ഉദ്ഘാടന വേളയിൽ വാവുള്ള്യാപുരം മുതൽ പാലം വരെ ടാറിംഗ് നടത്തിയത് മാത്രമാണ് അടുത്തുണ്ടായ ഏക മാറ്റം. അന്തർജില്ലാ ദീർഘദൂര സർവീസുകളടക്കം അമ്പതോളം ബസുകളാണ് ഇതുവഴി പ്രതിദിനം പോകുന്നത്. തോണിപ്പാടം, തോലന്നൂർ, പാടൂർ ഭാഗങ്ങളിലേക്ക് ഉപറോഡുകളുമുണ്ട്.
പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ നിന്ന് മലബാറിലേക്ക് ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന യാത്രാ മാർഗവും ഇതാണ്. പഴമ്പാലക്കോട് സെന്റർ, തോട്ടിൻപള്ള എന്നിവിടങ്ങളിൽ ടാറിന്റെ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ്. അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ മരണപ്പാച്ചിലാണ് റോഡ് ഈ അവസ്ഥയിലാകാനുള്ള പ്രധാന കാരണം.