 
കലക്ടറുമായുള്ള ചർച്ചയ്ക്ക് വഴിയൊരുക്കി തഹസിൽദാരുടെ സന്ദർശനം
കൊല്ലങ്കോട്: വിലക്ക് മറികടന്ന് ചെമ്മണാംമ്പതി- തേക്കടി വനപാത നിർമ്മാണവുമായി ആദിവാസികൾ മുന്നേറുന്നതിനിടെ നടപടി കടുപ്പിക്കാൻ വനംവകുപ്പ്. അനുമതിയില്ലാതെ കാട്ടിനകത്തെ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ മുന്നൂറിലധികം പേർക്കെതിരെ കേസെടുത്തതിന് പുറമേ അറസ്റ്റ് അടക്കമുള്ള നടപടിക്ക് ഉന്നതതല അനുവാദം കാത്തിരിക്കുകയാണ് വനം ഉദ്യോഗസ്ഥർ.
ആദിവാസികളുടെ ആവശ്യം ന്യായമാണെങ്കിലും അനുമതിയില്ലാതെ നിർമ്മാണം നടത്തിയതിൽ തിരക്കിട്ട് കടുത്ത നടപടികളിലേക്ക് തിരിഞ്ഞാൽ അത് രാഷ്ട്രീയമായും സാമൂഹികമായും ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും. ചർച്ചയിലൂടെയും സമവായത്തിലൂടെയും കാര്യങ്ങൾ നല്ലരീതിയിൽ പര്യവസാനിപ്പിക്കാനാണ് ശ്രമം തുടരുന്നത്.
പാതയുടെ സർവേ നടത്തി റിപ്പോർട്ട് നൽകുമെന്നും അതുവരെ നിർമ്മാണം നിറുത്തി കലക്ടറുമായി ചർച്ച നടത്തണമെന്നും സ്ഥലം സന്ദർശിച്ച ആർ.ഡി.ഒ നിർദേശിച്ചെങ്കിലും ആദിവാസികൾ തള്ളിയിരുന്നു. കലക്ടർ പ്രദേശം സന്ദർശിച്ചാലേ ചർച്ചയ്ക്കുള്ളൂവെന്ന നിലപാടിലായിരുന്നു സമരക്കാർ.
ഇന്നലെ തഹസിൽദാർ സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പാലക്കാട്ടെത്തി കലക്ടറുമായി ചർച്ച നടത്താമെന്ന് ഉറപ്പുനൽകി. അതേസമയം, വനംവകുപ്പെടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യവും ആദിവാസികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇനി ഭരണകൂടം എടുക്കുന്ന തീരുമാനമാണ് വനപാത നിർമ്മാണത്തിൽ നിർണായകമാകുന്നത്.
പ്രശ്നം തീരാൻ രണ്ട് കി.മീ
ചെമ്മണാംമ്പതിയിൽ നിന്ന് തേക്കടിയിലേക്കുള്ള ആറ് കി.മീ ദൂരപരിധിയിൽ രണ്ട് കി.മീ വനപാത നിർമ്മിച്ചാൽ മാത്രം നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും. നിലവിൽ വനംവകുപ്പിന്റെ വാഹനം തേക്കടിയിൽ നിന്ന് മുടിവായി വരെ മൂന്നു കി.മീ.യും വെള്ളക്കൽ തിട്ടുമുതൽ മലയടിവാരത്തിന് ഒരു കി.മീ മുകളിൽ വരെയും എത്തുന്നുണ്ട്. ഇതിനിടയിലെ രണ്ട് കി.മീ ആണ് നിർമ്മാണം നടത്തുന്നത്.
ആദിവാസികൾക്ക് പിന്തുണ
വനപാത നിർമ്മാണം നടത്തുന്ന ആദിവാസികൾക്ക് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടിക്കാരുടെയും പിന്തുണ ഏറി വരികയാണ്. എന്നാൽ ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അനുവദിക്കില്ലന്ന ഉറച്ച നിലപാടിലാണ് അറിവാസികൾ.