 
മണ്ണാർക്കാട്: സേഫ് കേരളയുടെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ താലൂക്ക് പരിധിയിലും ഇന്റർസെപ്‌റ്റർ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാൽ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.
കൊവിഡ് മാനദന്ധം പാലിച്ച് ആധുനിക സംവിധാനം ഉപയോഗിച്ച പരിശോധനയിൽ നിയമ ലംഘകരെ കണ്ടെത്തി നോട്ടീസ് അയക്കും. എം.വി.ഐ രവികുമാർ, എ.എം.വി.ഐ.മാരായ അനിൽകുമാർ, മുകേഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്.
ഇന്റർസെപ്‌റ്റർ ഉപയോഗം ഇങ്ങനെ
1. ഓവർ സ്പീഡ് കണ്ടെത്തുന്നതിന് സ്പീഡ് ട്രൈസർ ക്യാമറ.
2. മദ്യപിച്ചിട്ടുണ്ടോ എന്നത് കണ്ടുപിടിക്കുന്നതിന് ആൽക്കവൈസർ.
3. ഹെഡ് ലൈറ്റിന്റെ പ്രകാശം അനുവദനീയ അളവിൽ കൂടുതലുണ്ടോയെന്ന് അളക്കുന്നതിന് ലക്സ് ലവൽ മീറ്റർ
4. സൈലൻസർ, ഹോൺ എന്നിവയുടെ ശബ്ദം പരിശോധിക്കുന്നതിന് സൗണ്ട് ലവൽ മീറ്റർ.
5. കൂളിംഗ് ഫിലിം ഉപയോഗം പരിശോധിക്കുന്നത് ടിന്റ് ലവൽ മീറ്റർ.
6. ദൂരെ നിന്നും വാഹനത്തിന്റെ നമ്പറും രേഖകളും പരിശോധിക്കാനും ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും ശേഖരിക്കാനും പ്രാപ്തമായ സർവൈലൻസ് ക്യാമറ.
റോഡ് നിയമ ലംഘനം വ്യാപകമാണ്. അമിതവേഗവും അപകടവും കുറയ്ക്കുന്നതിന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തും.
-രവികുമാർ, എം.വി.ഐ.