cpy-water
തത്തനംപുള്ളി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തൂണുകൾ

ചെർപ്പുളശേരി: 40 വർഷമായി കർഷകർക്ക് പ്രയോജനമില്ലാതെ നോക്കുകുത്തിയായി നിൽക്കുകയാണ് കുലുക്കല്ലൂർ തത്തനംപുള്ളി ജലസേചന പദ്ധതി. തത്തനംപുള്ളി സൗത്ത്, നോർത്ത്, വണ്ടുംതറ, വലിയപറമ്പ് പാടശേഖരങ്ങളിലെ 200 ഹെക്ടറിലേക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പ്രവർത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം.

പദ്ധതിയുടെ കനാലിനായി സ്ഥാപിച്ച തൂണുകൾ പാടത്ത് പണിയെടുക്കുന്ന കർഷകർക്കും തൊട്ടടുത്തുള്ള യു.പി.സ്‌കൂളിനും ഭീഷണിയായി ഇപ്പോഴും നിലകൊള്ളുന്നു.

ഉദ്ഘാടനം ചെയ്ത ദിവസം മാത്രമാണ് പാടശേഖരങ്ങളിൽ വെള്ളമെത്തിയത്. പിന്നീട് ഇതുവരെയും പദ്ധതി മുഴുവനായും പ്രവർത്തിച്ചിട്ടില്ല. വലിയപറമ്പ്, വണ്ടുംതറ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് കനാലിനാവശ്യമായ ഇരുപതോളം തൂണുകൾ നിർമ്മിക്കുന്നതിനിടയിൽ കോൺക്രീറ്റ് അടർന്നുവീണതിനെ തുടർന്ന് കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ നിറുത്തി. അതോടെ പദ്ധതിയുടെ പ്രധാന ഭാഗമായ കനാലിന്റെ പ്രവൃത്തിയും സ്തംഭിച്ചു.

പദ്ധതിക്കു വേണ്ടി രണ്ട് 50 എച്ച്.പി.യുടെ മോട്ടോറുകളാണ് തൂതപ്പുഴയ്ക്ക് സമീപം സ്ഥാപിച്ചത്. ഇന്നതിൽ ഒന്നുമാത്രം പ്രവർത്തിപ്പിച്ച് സർക്കാരിന്റെ മറ്റൊരു പദ്ധതിയിലൂടെ തത്തനംപുളളി സൗത്ത് പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നു. ഇതാണിപ്പോൾ കർഷകർക്ക് ആശ്രയം.

പദ്ധതിയുടെ ഭാഗമായുള്ള ബലക്ഷയം വന്ന തൂണുകൾ പൊളിച്ചുമാറ്റണമെന്നും കരനെൽ കൃഷിക്ക് കൂടി അനുയോജ്യമായ രീതിയിൽ പദ്ധതി പുനഃരാരംഭിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. പദ്ധതിക്കായി കൊണ്ടുവന്ന കോൺക്രീറ്റ് പൈപ്പുകളും സ്മാരകമായി ഇവിടെ കിടപ്പുണ്ട്.