 
വടക്കഞ്ചേരി: ഒന്നാംവിളയിലുണ്ടായ കനത്ത നഷ്ടവും നെല്ല് സംഭരണമാരംഭിക്കാത്തിനാലുള്ള സാമ്പത്തിക പ്രതിസന്ധിയും സഹിച്ച് കർഷകർ പ്രതീക്ഷയോടെ രണ്ടാംവിളയ്ക്ക് തുടക്കം കുറിച്ചു.
മേഖലയിൽ പല ഭാഗങ്ങളിലും ചേറ്റുവിത നടത്തി കൃഷിപ്പണി സജീവമാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഒന്നാംവിളയിൽ കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. വിളയിറക്കൽ സമയത്ത് മഴ പിൻവാങ്ങി. ഇതോടെ പാടങ്ങളിൽ കള പൊങ്ങി.
പതിനായിരങ്ങൾ ചെലവഴിച്ച് രണ്ടും മൂന്നും തവണ കള വലിച്ചുകയറ്റിയെങ്കിലും ശല്യം ശമിച്ചില്ല.
പിന്നീട് വളമിട്ട് പരിപാലിച്ചെങ്കിലും കതിർ നിരക്കുന്ന സമയത്ത് മഴ വില്ലനായെത്തി ചെടികൾ നിലംപൊത്തി. ഇതോടെ യന്ത്രക്കൊയ്ത്ത് അസാദ്ധ്യമാകുകയും വെള്ളത്തിൽ നിന്ന് കൊയ്‌തെടുക്കേണ്ട അവസ്ഥയുമായി. കഴിഞ്ഞ ഒന്നാംവിളയിൽ ലഭിച്ചതിന്റെ പകുതി മാത്രമേ വിളവ് ലഭിച്ചുള്ളൂ. കളയോടൊപ്പം വരിയും കൂടി നിറഞ്ഞതോടെ പലരും കൊയ്ത്തുപേക്ഷിച്ച് പൂട്ടി മറിച്ചു.
ഇങ്ങനെ പല പ്രതിസന്ധികളെയും തരണം ചെയ്താണ് പ്രതീക്ഷയോടെ കർഷകർ രണ്ടാംവിളയിലേക്കിറങ്ങുന്നത്. ഒന്നാംവിളയിൽ സംഭരണത്തിൽ സർക്കാർ അലംഭാവം തുടരുമ്പോൾ വീട്ടിലെ മുറികളിൽ കൊയ്ത നെല്ല് കൂട്ടിയിട്ട് കാത്തിരിക്കുകയാണ് പലവും.