 
അഗളി: അട്ടപ്പാടിയിൽ കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും പുറത്തുനിന്നുള്ള സന്ദർശകരുടെ വരവിന് ശമനമില്ല. ചെക്ക് പോസ്റ്റുകളിൽ സന്ദർശകരെ വിലക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി അവധി ദിനങ്ങളിൽ അട്ടപ്പാടി ചുരത്തിലടക്കം വാഹനങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ദൂരദിക്കുകളിൽ നിന്നെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരുടെ വരവ് നിരോധിച്ചതായാണ് അധികൃതർ പറയുന്നതെങ്കിലും എല്ലാ നടപടിയും കടലാസിലൊതുങ്ങി. പൊലീസ് മുക്കാലി ചെക്ക് പോസ്റ്റിൽ മാത്രമാണ് പരിശോധന നടത്തുന്നത്. എന്നാൽ അട്ടപ്പാടി ചുരത്തിൽ പത്താം വളവിലും സമീപത്തെ വെള്ളച്ചാട്ടവും കാണാൻ നിരവധി പേരാണ് യാതൊരു കൊവിഡ് മാനദണ്ഡലം പാലിക്കാതെ എത്തുന്നത്.
ഗോത്ര മേഖലയിലെ കൊവിഡ് പ്രതിരോധത്തിന് ഇത്തരത്തിലുള്ള സന്ദർശക പ്രവാഹം വൻ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. അവധി ദിനങ്ങളിൽ ആനമൂളി പാലവളവിനു സമീപവും പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.