 
ആദിവാസി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ആർ.ഡി.ഒ ഇന്ന് കലക്ടർക്ക് പരിശോധനാ റിപ്പോർട്ട് കൈമാറും.
കൊല്ലങ്കോട്: ചെമ്മണാമ്പതി മലയോര പ്രദേശത്ത് നിന്ന് പറമ്പിക്കുളം തേക്കടിയിലെത്തുന്ന വനപാത നിർമ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുകൂല തീരുമാനം കാത്ത് പ്രതീക്ഷയോടെ ആദിവാസികൾ.
വനപാത നിർമ്മാണം സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് ഇന്ന് ആർ.ഡി.ഒ ജില്ലാ കളക്ടർക്ക് കൈമാറും. വൈകിട്ട് 3.30ന് കളക്ടർ ആദിവാസി പ്രതിനിധികളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. 650 ആദിവാസി കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15 പേർക്കാണ് ചർച്ചയിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.
തുടക്കം നാലുവർഷം മുമ്പ്
മൂന്ന് പതിറ്റാണ്ടായി കേരളത്തിലൂടെ വഴി വരുന്നത് കാത്തിരുന്ന് നിരാശപ്പെട്ടപ്പോഴാണ് വനപാത ഒരുക്കാൻ ആദിവാസികൾ മുന്നിട്ടിറങ്ങിയത്. ആദ്യശ്രമം നടത്തിയത് നാലുവർഷം മുമ്പാണ്. അന്ന് ഉന്നത വനം ഉദ്യോഗസ്ഥർ ഇടപെട്ട് രണ്ടുമാസത്തിനുള്ളിൽ അനുകൂല നിലപാട് നേടി ഔദ്യോഗികമായി പാത നിർമ്മിക്കാമെന്ന് പറഞ്ഞെങ്കിലും നടപടി ഫയലിലുറങ്ങി. പിന്നീട് ഈ വർഷം ഗാന്ധിജയന്തി ദിനത്തിൽ വനപാത നിമ്മാണത്തിന് അല്ലിമൂപ്പൻ, ഒറവൻമ്പാടി, മുപ്പതേക്കർ, പെരിയചോല ഊരുകളിലെ ആദിവാസികൾ രംഗത്തിറങ്ങുയായിരുന്നു. വനപാത നിർമ്മിച്ചാൽ തമിഴ്നാട്ടിലൂടെയുള്ള 48 കി.മീ ചുറ്റലൊഴിവാക്കി 10 കി.മീ മാത്രം പിന്നിട്ടാൽ പറമ്പിക്കുളത്തുകാർക്ക് മുതലമടയിലെത്താം.
അടിസ്ഥാന വികസനത്തിന് ഭരണകൂടം ശ്രദ്ധിക്കേണ്ടവ
വീട്
അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളാണ് മിക്ക കോളനികളിലും. നിർമ്മാണ സാമഗ്രികളിലെത്തിക്കാൻ കനത്ത ചിലവ്. കാട്ടാനകൾ പല വീടുകളും തകർത്തു.
കുടിവെള്ളം
കുടിവെള്ളം എത്തിക്കാൻ പദ്ധതി ആവിഷ്കരിച്ചെങ്കിലും കരാറുകാരൻ ഒഴിഞ്ഞതോടെ എല്ലാം താളംതെറ്റി. ചോല വെള്ളമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം.
വൈദ്യുതി
മണ്ണെണ്ണ വിളക്കിൽ നിന്ന് മോചനം ലഭിച്ചത് മൂന്നുവർഷം മുമ്പ്. മുപ്പതേക്കർ, അല്ലിമൂപ്പൻ കോളനികളിലെ സോളാർ വൈദ്യുതിയാണിവിടെ. വനപാത വന്നാൽ വേഗം വൈദ്യുതിയെത്തിക്കാം.
ആരോഗ്യം
ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയെ ആശ്രയിക്കണം. ആംബുലൻസ് സേത്തുമട വരെ മാത്രം. പിന്നീട് 13 കി.മീ ദുർഘട പാതയിൽ വൻതുകയ്ക്ക് ജീപ്പ് വിളിക്കണം.
യാത്ര
സേത്തുമട- തേക്കടി പാത നവീകരിക്കാൻ ഫണ്ട് വകയിരുത്തുമെങ്കിലും നടപ്പിലാക്കാൽ തമിഴ്നാടിന്റെ സഹായം ലഭിക്കാത്തത് തിരിച്ചടി. സേത്തുമട ചെക്ക് പോസ്റ്റിലെ അനധികൃത പിരിവും തടയലും മൂലം കരാറുകാരും നിർമ്മാണം കൈയൊഴിയുന്നു. പാലക്കാടെത്താൻ ഏക ആശ്രയം ഒരേയൊരു കെ.എസ്.ആർ.ടി.സി സർവീസ്.
പഠനം
കൊവിഡ് കാലത്ത് വിദ്യാലയങ്ങൾക്ക് അവധി നൽകിയതോടെ കോളനികളിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. വൈദ്യുതിയും മൊബൈൽ ടവറും ഇല്ലാത്തതിനാൽ ഓൺലൈൻ ക്ളാസ് മുടങ്ങുന്നു.
തപാൽ
സർക്കാർ, പി.എസ്.സി സംബന്ധമായ അറിയിപ്പുകൾ ലഭിക്കുക ഏറെ വൈകി. ഇതോടെ പല അവസരങ്ങളും നഷ്ടമാകുന്നു. താപാൽ സബ് ഓഫീസ് തേക്കടിയിൽ വേണമെന്ന് ആവശ്യം.
തൊഴിൽ
വനവിഭവം ശേഖരിച്ചുള്ള ജീവിതം വനാവകാശ നിയമം വന്നതോടെ ഇല്ലാതായി. തൊഴിലുറപ്പാണ് ഏക ആശ്രയം. വനംവകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കത്തിൽ പണി കുറഞ്ഞു.
ഭാവി
വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്മെന്റ് കമ്മറ്റി പദ്ധതികൾ ശക്തിപ്പെടുത്തണം. ഇതുവഴി തൊഴിലവസരം കൂട്ടാം. വന സൊസൈറ്റിക്ക് രൂപം നൽകി വാഹനം വാങ്ങി യാത്രാ ആവശ്യം നിറവേറ്റണം.
അദാലത്ത്
വിവിധ വകുപ്പുകളെ ഏകോപിച്ച് മൂന്ന് മാസത്തിലൊരിക്കൽ പറമ്പിക്കുളത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കണം.