tourism
മലമ്പുഴ റോപ്പ് വേ

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ഏഴുമാസത്തോളം നീണ്ട അടച്ചിടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, മലമ്പുഴ റോക്ക് ഗാർഡൻ, ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, വാടിക, കാഞ്ഞിരപ്പുഴ, മംഗലം ഡാം, പോത്തുണ്ടി, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നിവയാണ് തുറക്കുന്നത്.

മലമ്പുഴ ഉദ്യാനം അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടുദിവസത്തിന് ശേഷമേ തുറക്കൂ. ആകാശ സൈക്ലിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദ സഞ്ചാരമാണ് പോത്തുണ്ടി ഉദ്യാനത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കാഞ്ഞിരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിൽ ബോട്ടിംഗ് നടത്താം.

വെള്ളിയാങ്കല്ല്, ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, മംഗലം ഡാം, പോത്തുണ്ടി ഡാം, മലമ്പുഴ എന്നിവിടങ്ങളിൽ ഒരേ സമയം 75 പേർക്കേ പ്രവേശനമുള്ളൂ. റോക്ക് ഗാർഡൻ, വാടിക, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ് വാലി എന്നിവിടങ്ങളിൽ 50 പേർക്ക് പ്രവേശിക്കാം. കാഞ്ഞിരപ്പുഴയിൽ 250 പേർക്കാണ് പ്രവേശനം. ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ വഴി.

പ്രവേശനം കൊവിഡ് മാനദണ്ഡം പാലിച്ച്