katana
കാട്ടാനകൾ നശിപ്പിച്ച മയിൽസ്വാമിയുടെ കൃഷിയിടം.

അഗളി: അട്ടപ്പാടി മേഖലയിൽ ഭക്ഷണവും വെള്ളവും തേടി കാടിറങ്ങുന്ന കാട്ടാനകൾ കർഷകർക്ക് ഭീഷണിയാകുന്നു. തേക്കുവട്ട, ബൊമ്മിയാംപടി, പാലൂർ, ധാന്യം, കുറുക്കത്തിക്കല്ല് എന്നീ ഊരുകളിലാണ് കാട്ടാനയെ പേടിച്ച് കൃഷിയിറക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൊമ്മിയാംപടി മയിൽസ്വാമിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ഇരുന്നൂറോളം വാഴകളും 50 കവുങ്ങുകളും നശിപ്പിച്ചു.

സ്വന്തം കൃഷിയിടമുള്ളവരും പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവരും ഇവിടെയുണ്ട്. കുടിയേറ്റ കർഷകരും ആദിവാസികളും ഉൾപ്പടെ 70 കർഷകരാണ് കാട്ടാന ഭീതി കാരണം കൃഷിയിൽ നിന്നും വിട്ടു നിൽക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കൃഷിനാശം സംഭവിച്ചിരുന്നുവെങ്കിലും ഇത്തവണ കൃഷിക്ക് അനുയോജ്യമായ സാഹചര്യമായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വിപണിയെ തകർത്തെങ്കിലും ലോക്ക് ഡൗൺ ഇളവുകളിൽ പ്രതീക്ഷയോടെ കൃഷി ഇറക്കിയ സാഹചര്യത്തിലാണ് കാട്ടാനകളുടെ വിളയാട്ടം വ്യാപകമായിരിക്കുന്നത്. വൈകിട്ടോടെ കാടിറങ്ങുന്ന കാട്ടാനകൾ കർഷകരുടെ കൃഷികളെല്ലാം ചവിട്ടി മെതിച്ചാണ് പുലർച്ചയോടെ തിരികെ കാടുകയറുന്നത്. കൃഷിയിടങ്ങളോടൊപ്പം വീടുകളും തകർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പലയിടങ്ങളിൽ നിന്നും വായ്പയെടുത്താണ് ഇവർ കൃഷിയിറക്കുന്നത്. മൊറട്ടോറിയം കാലാവധി കഴിയുന്നതോടെ ലോൺ തുക തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് ഭൂരിഭാഗം കർഷകരും. 13 കാട്ടാനകളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. വനാതിർത്തികളിൽ കിടങ്ങുകളും സൗരോർജ വേലികളും സ്ഥാപിച്ചാൽ വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. ഇതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.