 
ഷൊർണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട നഗരസഭ ചെയർപേഴ്‌സണും ഹെൽത്ത് ഇൻസ്‌പെക്ടറും മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപകമായി ആക്ഷേപമുയരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച നഗരസഭാ ഹാളിൽ മുപ്പതിലേറെ പേർ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒത്ത് കൂടുകയും ഒപ്പം ചേർന്ന് നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തതാണ് ആക്ഷേപമായത്.
ചെയർപേഴ്‌സണും ഹെൽത്ത് ഇൻസ്‌പെക്ടറുമടങ്ങുന്നവരുടെ ഗ്രൂപ്പ് ഫോട്ടോ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പ്രശ്‌നമായത്. നഗരസഭാംഗങ്ങളുടെ ഗ്രൂപ്പിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കെ.നിർമല ബന്ധപ്പെട്ടവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. മറ്റ് അംഗങ്ങളും പ്രതിഷേധമുയർത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരം ചെയർപേഴ്‌സൺ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി.ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീൻ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.