shornur

ഷൊർണൂർ: ഷൊർണൂർ ഗവൺമെന്റ് പ്രസ്സിൽ നിന്നും മൂന്ന് മെഷർമെന്റ് ബുക്കുകൾ കാണാതായത് വിവാദമാകുന്നു. പൊതുമരാമത്ത് പ്രവർത്തികൾ പൂർത്തീകരിച്ചാൽ കരാറുകാർക്ക് തുക ലഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിലേക്ക് നൽകുന്ന ബില്ലുകളടങ്ങിയ പുസ്തമാണ് കാണാതായത്. ഒക്ടോബർ അഞ്ചിന് ഇത് സംബന്ധിച്ച് അച്ചടി വകുപ്പ് ഡയറക്ടർക്ക് ഷൊർണൂർ ഗവ. പ്രസിലെ സ്റ്റോർ കീപ്പർ നൽകിയ പരാതിയോടെയാണ് സംഭവം വിവാദമായത്.

സെപ്തംബർ 15 ആണ് മൂന്ന് പുസ്തങ്ങൾ കാണാതായത്. അവധിയിലായിരുന്നതിനാൽ 18 ആണ് ഇത് ശ്രദ്ധയിൽ പെട്ടതെന്ന് സ്റ്റോർ കീപ്പർ ഇ-മെയിലിൽ നൽകിയ പരാതിയിൽ പറയുന്നു. പുസ്തകം കാണാതായത് സംബന്ധിച്ച കണക്കുകൾ രേഖപ്പെടുത്തുന്ന ഫയലിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ആ ഫയലും കാണാതായതോടെയാണ് ഡയറക്ടർക്ക് പരാതി നൽകിയത്.

ഗവൺമെന്റ് പ്രസിൽ അച്ചടിക്കുന്ന മെഷർമെന്റ് ബുക്ക് ബൈന്റിംഗ് വിഭാഗത്തിൽ നിന്നാണ് സ്റ്റോറിലേക്ക് മാറ്റുക. എത്ര പുസ്തകം നൽകണമെന്ന് ആവശ്യപ്പെടുന്ന കത്ത് ലഭിച്ചാൽ മാത്രമേ ബുക്ക് ഈ വിഭാഗത്തിൽ നിന്നും നൽകൂ. ഇത് സ്റ്റോറിൽ വ്യക്തമായി രേഖപ്പെടുത്തുകയും വേണം. ഷൊർണൂർ പ്രസ്സിൽ തന്നെ പ്രവർത്തിക്കുന്ന ജില്ലാ ഫോം ഓഫീസർ പി.വിജയകുമാർ മൂന്ന് ബുക്കുകൾ എടുത്തുവെന്നാണ് സ്റ്റോർ കീപ്പറുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

300 ബില്ലുകളുകളാണ് ഒരു ബുക്കിലുള്ളത്. ഒരു കെട്ടിൽ 25 ബുക്കുകളുമുണ്ടാകും. ഇത്തരത്തിൽ 300 ബുക്കുകളാണ് സ്റ്റോറിലെത്തിയത്. ഇതിലെ ഒരു കെട്ടിലാണ് മൂന്ന് ബുക്കിന്റെ കുറവ് കണ്ടത്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നില്ലെങ്കിലും വകുപ്പുതല അന്വേഷണം ആരംഭിച്ചതായാണ് സൂചന.