 
ചെർപ്പുളശ്ശേരി: മുണ്ടൂർ തൂത സംസ്ഥാനപാത നാലുവരിപ്പാതയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ചെർപ്പുളശ്ശേരി നഗരസഭയിലും പാതയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ. മുണ്ടൂർ മുതൽ തൂതവരെ 37 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയാകുന്നത്. പദ്ധതിയുടെ സർവേ ഉൾപ്പടെ പ്രാരംഭ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
എന്നാൽ പാത വീതി കൂട്ടുമ്പോൾ തങ്ങളുടെ കിടപ്പാടം, കെട്ടിടങ്ങൾ, സ്ഥലം എന്നിവയെല്ലാം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ചെർപ്പുളശ്ശേരി 26-ാം മൈൽ മുതൽ തൂത വരെയുള്ള പാതയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ. നാലുവരിപ്പാതയാകുമ്പോൾ ഈ ഭാഗങ്ങളിലൊക്കെ റോഡിന് സ്ഥലം കണ്ടെത്തേണ്ടി വരും. ഇതിനായി തങ്ങളുടെ വീടോ, കെട്ടിടങ്ങളോ പൊളിച്ചു മാറ്റേണ്ടി വരുമോ എന്നാണ് ഇവരുടെ പേടി. ഇക്കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. നൂറ് കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായുള്ളത്.
വികസനത്തിന് ഇവർ എതിരല്ല. എന്നാൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ വീടും കെട്ടിടങ്ങളും പൊളിക്കേണ്ടി വന്നാൽ അർഹമായ നഷ്ട പരിഹാരം നൽകാൻ ബന്ധപ്പെട്ടർ തയ്യാറാവണം. ഇക്കാര്യത്തിൽ കൂട്ടായ്മ രൂപീകരിച്ച് ഒപ്പുശേഖരണം നടത്തി സർക്കാരിന് നിവേദനം നൽകാനുള്ള ആലോചനയിലാണ് നാട്ടുകാർ. 323 കോടി രൂപ ചെലവിലാണ് നിലവിലെ റോഡ് പൊളിച്ചുമാറ്റി നാലുവരിപാതയാക്കുന്നത്. 14 മീറ്റർ വീതിയാണ് റോഡിന് വേണ്ടത്.