bdjs
ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ നേതാക്കളുടെ യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സംസാരിക്കുന്നു.

പാലക്കാട്: ജില്ലയിലെ തേക്കടി ആദിവാസി കോളനിയിലേക്ക് കേരളത്തിലെ ചെമ്മണാമ്പതിയിൽ നിന്നും പാത സർക്കാർ ഉടൻ നിർമ്മിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ തേക്കടി കോളനിക്കാർക്ക് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിൽ തമിഴ്നാട് സർക്കാറിന്റെ അനുമതിയോടെ 50 കിലോമീറ്ററിലധികം തമിഴ്നാടിലൂടെ യാത്ര ചെയ്യണം. ആദിവാസി സമുദായത്തിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം ആറു പതിറ്റാണ്ടിലധികം കേരളം ഭരിച്ച ഇടത് വലത് മുന്നണികളാണെന്ന് അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി കോളനിക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ തയ്യാറാവാത്തവരാണ് ഇവിടത്തെ ജനപ്രതിനിധികൾ. സ്വന്തം പ്രയത്നത്തിലൂടെ പാത നിർമ്മിക്കാൻ തയ്യാറായ ആദിവാസികൾക്കുനേരെ കേസെടുത്തത് അപലപനീയമാണ്. ഉദ്യോഗസ്ഥരുടെ കാലിൽ വീണ് യാചിക്കുന്ന കോളനിക്കാരുടെ ദൃശ്യം കരൾ അലിയിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ സാംസ്ക്കാരിക കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രഘു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ, ജില്ലാ ഭാരവാഹികളായ എ.ഗംഗാധരൻ, കെ.അരവിന്ദാക്ഷൻ, ആർ.അരവിന്ദാക്ഷൻ, വി.സുരേഷ്, എ.ബി.അജിത്ത്, എ.ബാലകൃഷ്ണൻ, എ.രാജപ്രകാശ്, രാജീവ് മാടമ്പി, കെ.കെ.രമേശൻ, റെജി അട്ടപ്പാടി സംസാരിച്ചു.