
പാലക്കാട്: ലോക്ക് ഡൗണിന് ശേഷം ഏഴുമാസത്തോളമായി കല്യാണാനുബന്ധ ജോലികൾ ലഭിക്കാതായതോടെ പന്തൽ പണിക്കാർ പ്രതിസന്ധിയിൽ. നിലവിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ചുരുക്കം ആളുകളെ മാത്രം ഉൾപ്പെടുത്തി കല്യാണങ്ങൾ നടക്കുന്നതിനാൽ പന്തൽ പണിക്കാരെ ആരും വിളിക്കാറില്ല. ഇതോടെ മേഖലയിലെ തൊഴിലാളികളെ കൂടാതെ ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
കൊവിഡിന് മുമ്പ് കല്യാണങ്ങൾക്ക് പുറമെ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും വർക്കുകൾ യഥേഷ്ടം ലഭിച്ചിരുന്നു. ഇത്തരത്തിൽ ഒരുമാസം ഒരു പന്തൽ ഉടമയ്ക്ക് ശരാരശി 20,000 രൂപ വരുമാനം കിട്ടും. കൊവിഡ് കാരണം മാർച്ച് 20 ഓടെ തന്നെ പന്തൽ പണിക്കാരുടെ ജോലി നിലച്ചു. ബുക്ക് ചെയ്ത നിരവധി വർക്കുകളാണ് ഓരോരുത്തർക്കും ഇതോടെ നഷ്ടമായത്. മേഖലയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും വേറൊരു ജോലി കിട്ടാതെ നിത്യചെലവിനായി ഏറെ ദുരിതത്തിലാണ്. കൊവിഡ് പ്രതിസന്ധി മാറി കല്യാണം ഉൾപ്പെടെയുള്ള പരിപാടികളുടെ വർക്ക് ലഭിച്ചാൽ മാത്രമേ പ്രതിസന്ധിയ്ക്ക് പരിഹാരമാകൂ.
ഉപകരണങ്ങൾ നശിച്ചു തുടങ്ങി
ഏഴുമാസമായി വർക്കില്ലാതായതോടെ കസേര, ടേബിൾ, ടാർപൊളിൻ, തുണിഷീറ്റ്, പൈപ്പ് തുടങ്ങിയ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തും പൊടിപിടിച്ചും നശിക്കുന്ന അവസ്ഥയാണ്. പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചതുമൂലം പല ഉടമകൾക്കും വലിയ നഷ്ടമാണ് ഉണ്ടായത്. പല ഉപകരണങ്ങളും പുതിയത് വാങ്ങാൻ ഉടമകൾക്ക് നല്ലൊരു തുക ചെലവാക്കേണ്ടി വരും.
നിലവിൽ ചുരുക്കം പേർ 20 കസേര, നാല് ടേബിൾ എന്നിങ്ങനെ കല്യാണത്തിനായി കൊണ്ടുപോകും. ഇതിന് മിനിമം 400 രൂപയേ കിട്ടൂ. മകന് ജോലി ഉള്ളതുകൊണ്ടാണ് ജീവിച്ചു പോകുന്നത്.
-ഉസനാർ, എച്ച്.എസ്.പി പന്തൽ വർക്ക്, നെന്മാറ.