
പാലക്കാട്: ഹരിത മിഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജില്ലയിൽ ആദ്യഘട്ടത്തിൽ 30 പഞ്ചായത്തുകളിലും മലമ്പുഴ, പുതുശേരി, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, നെന്മാറ, പല്ലശന, കിഴക്കഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് പച്ചത്തുരുത്ത് രൂപീകരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃക സൃഷ്ടിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പദ്ധതിയിലൂടെ വ്യാപകമായി രൂപപ്പെടുന്ന ചെറുവനങ്ങളിലെ വൃക്ഷങ്ങൾ കാർബൺഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് ദീർഘകാലം സൂക്ഷിക്കുന്ന കാർബൺ കലവറകളായി മാറും.
ജില്ലയിൽ 2007-08ൽ ആരംഭിച്ച ഗ്രീൻ ദ ഗ്യാപ് പദ്ധതിയുടെ തുടർച്ചയായാണ് ഹരിത മിഷന്റെ ഏകോപനത്തിൽ പച്ചത്തുരുത്തുകളുടെ നിർമ്മാണം. റോഡിന് ഇരുവശങ്ങളിലും നടുന്ന വൃക്ഷവത്കരണം പച്ചത്തുരുത്തായി കണക്കാക്കില്ല. പച്ചത്തുരുത്ത് വഴി ജില്ലയിലെ ഉഷ്ണ-വരണ്ട കാറ്റിന്റെ ത്രീവത കുറയ്ക്കാൻ സാധിക്കും. ജില്ലയിലെ മുഴുവൻ പച്ചത്തുരുത്തുകളുടെ മാപ്പിംഗ് പുരോഗമിക്കുകയാണ്.
-വൈ.കല്യാണകൃഷ്ണൻ, ഹരിത മിഷൻ, ജില്ലാ കോഓർഡിനേറ്റർ.
ശ്രദ്ധേയമായ എട്ട് പച്ചത്തുരുത്തുകൾ
കണ്ണോട് (നെന്മാറ).
മംഗലം പുഴയോരം(വടക്കഞ്ചേരി).
ഊട്ടറ പുഴയോരം (കൊല്ലങ്കോട്).
വെള്ളിയമ്പള്ളം (നല്ലേപ്പിള്ളി).
കരിങ്കരപ്പുള്ളി (കൊടുമ്പ്).
വാമല (പല്ലശന).
അനങ്ങൻമല (അനങ്ങനടി).
എൽ.ജി പാളയം (എലപ്പുള്ളി).