 
ഒറ്റപ്പാലം: മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസമായിരുന്ന ഒ.വി.വിജയന് ശേഷം മറ്റൊരു ഇതിഹാസകാരനെ കൂടി ഹാകവി അക്കിത്തത്തിന്റെ മരണത്തിലൂടെ പാലക്കാടിന് നഷ്ടമായി.
'ഖസാക്കിന്റെ ഇതിഹാസം" എന്ന ഒറ്റ നോവൽ കൊണ്ട് ലോകസാഹിത്യത്തിൽ ഒ.വി.വിജയൻ ഇതിഹാസം സൃഷ്ടിച്ചെങ്കിൽ സമാനമായി 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന ഒറ്റ ഖണ്ഡകാവ്യം അക്കിത്തത്തെ മഹാകവിയായി ഉയർത്തി. ഇരുകൃതികളും പ്രകാശിതമായിട്ട് അരനൂറ്റാണ്ട് പിന്നിടുകയും ചെയ്തു. 1952ലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പിറവിയെടുത്തതെങ്കിൽ 1969ലാണ് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങിയത്.
മലയാള കാവ്യലോകത്ത് നവോത്ഥാന മൂല്യങ്ങളുയർത്തി ഇതിഹാസപ്പട്ടവും മഹാകവിപട്ടവും സ്വന്തമാക്കിയ അക്കിത്തം പാലക്കാടൻ സാഹിത്യ തറവാട്ടിലെ തലയെടുപ്പുള്ള കാരണവരായിരുന്നു. അക്കിത്തം, ഒ.വി.വിജയൻ, എം.ടി എന്നിവരടങ്ങിയ പാലക്കാടൻ മണ്ണ് മലയാള സാഹിത്യ ലോകത്തിന് നിവേദിച്ച് നൽകിയത് അമൂല്യമായ സംഭാവനകളാണ്.
കുമാരനെല്ലൂർ എന്ന പാലക്കാടിന്റെ പടിഞ്ഞാറൻ മണ്ണിലിരുന്ന് ഗ്രാമീണ നന്മയും നിളാതട സംസ്‌കൃതിയുടെ സുഗന്ധവും ചാലിച്ച ഒരുപിടി മഹാകാവ്യങ്ങൾ മലയാളത്തിന് നൽകിയാണ് അക്കിത്തം അരങ്ങൊഴിഞ്ഞത്. മലയാളം മഹാകവി പട്ടം നൽകി ആദരിച്ച മഹാപ്രതിഭകളായ കവി ശ്രേഷ്ഠരിൽ അവസാന കണ്ണി എന്ന നിലയിലും അക്കിത്തത്തിന്റെ വേർപാട് തീരാനഷ്ടമായി.