 
പാലക്കാട്: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഫേസ് ഷീൽഡുകൾ സംഭാവന ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലെ തടവുകാർ. ജയിലിലെ പത്ത് തടവുകാരാണ് തങ്ങളുടെ വേതനത്തിൽ നിന്ന് 6000 രൂപ (ദിവസം 127 രൂപ) സമാഹരിച്ച് കഞ്ചിക്കോട് കിൻഫ്രയിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് 135 ഫേസ് ഷീൽഡുകൾ സംഭാവന നൽകിയത്.
സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ഫേസ് ഷീൽഡ് ലഭ്യമാക്കാമോ എന്നു ചോദിച്ച് ജയിലിലേക്ക് കത്തയച്ചിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടി ആരംഭിച്ചു. ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ജയിലിലെത്തി സംഭാവന ചെയ്ത തടവുകാരിൽ നിന്ന് ഫേസ് ഷീൽഡുകൾ ഏറ്റുവാങ്ങി. ജയിൽ സൂപ്രണ്ട് കെ.അനിൽ കുമാർ സംബന്ധിച്ചു.
ഒ.എച്ച്.പി ഷീറ്റ് ഉപയോഗിച്ചാണ് ലളിതമായ തരത്തിലുള്ള ഫേസ് ഷീൽഡുകൾ നിർമ്മിച്ചത്. ഒന്നിന് 45 രൂപയാണ് വില. ഇതിനകം 800ൽ പരം ഫേസ് ഷീൽഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത് 10,000 രൂപ വരുമാനവും ലഭിച്ചു. കൂടാതെ ജില്ലാ ജയിലിലെയും സബ് ജയിലുകളിലെയും ജീവനക്കാർക്കും മറ്റ് ജില്ലകളിലെ ജയിൽ ജീവനക്കാർക്കും സൗജന്യമായും വിതരണം ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,500 രൂപയും തടവുകാർ സംഭാവന ചെയ്തിരുന്നു.