 
കുമരനെല്ലൂർ: ഏഴു പതിറ്റാണ്ടോളം മലയാള കവിതയുടെ നവോത്ഥാനത്തിന് മാർഗദീപമേകിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് നാട് വിടയേകി. ഇന്നലെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ വച്ച് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ അമേറ്രിക്കരയിലെ 'ദേവായനം" വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഉച്ചയോടെ കവിയുടെ മൃതദേഹം സ്വവസതിയിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവർ അന്ത്യാജ്ഞലി അർപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. കവിയുടെ മൂത്ത മകൻ വാസുദേവൻ ചിതയ്ക്ക് തീ പകർന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും മന്ത്രി എ.കെ.ബാലന് വേണ്ടി സബ് കളക്ടർ അർജുൻ പാണ്ഡ്യനും അന്ത്യോപചാരം അർപ്പിച്ചു.
വി.ടി.ബൽറാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായനദാസ്, ബ്ലോക്ക് പ്രസിഡന്റ് കെ.പി.എം.പുഷ്പജ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാധവൻ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാർ, അക്കിത്തത്തിന്റെ ജീവചരിത്രം എഴുതിയ വടക്കുമ്പാട് നാരായണൻ, പ്രൊഫ.പി.ജി.ഹരിദാസ്, കെ.പി.മോഹനൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.