pinarayi

കൊല്ലങ്കോട്: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് സനായിലെ ജയിലിലുള്ള നഴ്സ് കൊല്ലങ്കോട് തേക്കിൽചിറ സ്വദേശിനി നിമിഷപ്രിയ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ശിക്ഷ തത്കാലം നീട്ടിവച്ചിട്ടുണ്ട്. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാർത്ഥിച്ച് നാട്ടിലുള്ള അമ്മ, ഭർത്താവ്, കുഞ്ഞ് എന്നിവരെ ഇനി കാണാൻ കഴിയുമോയെന്ന ആശങ്കയോടെ ദിവസങ്ങൾ തള്ളി നീക്കുകയാണെന്ന് നിമിഷപ്രിയ കത്തിൽ പറയുന്നു. മോചനത്തിനായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ മുഖേനയാണ് കത്ത് കൈമാറിയത്.

വധശിക്ഷയിൽ നിന്നൊഴിവാകാൻ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി 70 ലക്ഷം രൂപ നൽകണം. ഇതിനുള്ള ശ്രമം ആക്ഷൻ കൗൺസിൽ തുടരുന്നുണ്ട്. ഇതിന് പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ കൂടിയുണ്ടായാൽ മോചനം സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.