
സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പരിശോധന
പാലക്കാട്: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേട്ടുമാർ നടത്തിയ പരിശോധനയിൽ ഇതുവരെ 827 നിയമലംഘനം കണ്ടെത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്ത 271 പേർ, വ്യാപാര സ്ഥാപനങ്ങളിൽ മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പ്രവർത്തിച്ച 118 പേർ, സന്ദർശന രജിസ്റ്റർ സൂക്ഷിക്കാത്ത 251 സ്ഥാപനങ്ങൾ എന്നിവയ്ക്ക് താക്കീത് നൽകി.
കടകളിൽ കൂട്ടം കൂടിയ 125 കേസുകൾ, നിയമവിരുദ്ധമായ കൂടിച്ചേരൽ 26 എണ്ണം, നിയമലംഘനം നടത്തി പ്രവർത്തിച്ച എട്ട് കടകൾ, പൊതുനിരത്തിൽ തുപ്പിയത് 12 എണ്ണം, ക്രിമിനൽ നടപടിക്രമം 144ന്റെ ലംഘനം ഏഴ് തുടങ്ങിയവയാണ് കണ്ടെത്തിയ മറ്റ് നിയമലംഘന പ്രവർത്തനങ്ങൾ. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള പിഴ ഉടനീടാക്കും. നഗരസഭകളായ പാലക്കാട്, പട്ടാമ്പി, പഞ്ചായത്തുകളായ പിരായിരി, മുതലമട, വടക്കാഞ്ചേരി, തരൂർ എന്നിവിടങ്ങളിലാണ് ആദ്യ ദിവസങ്ങളിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയത്. മാർക്കറ്റുകൾ, ടൗണുകൾ, എ.ടി.എം കൗണ്ടറുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായി സെക്ടറൽ മജിസ്ട്രേട്ടുമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസേന ഒരു പഞ്ചായത്തിലെ 20 സ്ഥലങ്ങളിലെങ്കിലും സെക്ടറൽ മജിസ്ട്രേട്ട് പരിശോധന നടത്തണമെന്നും നിയമലംഘകരിൽ നിന്നും പിഴയീടാക്കി റിപ്പോർട്ട് നൽകണമെന്നും ജില്ലാ കലക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പഞ്ചായത്തിലേയ്ക്കും ഗസറ്റഡ് തസ്തികയിലുള്ള ഓരോ സെക്ടറൽ മജിസ്ട്രേട്ടിനെയും നഗരസഭകളിലേയ്ക്കും വലിയ പഞ്ചായത്തുകളിലേയ്ക്കും രണ്ട് വീതം സെക്ടറൽ മജിസ്ട്രേട്ടുമാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ മൊത്തം 105 സെക്ടറൽ മജിസ്ട്രേട്ടുമാരാണുള്ളത്.