 
കൊല്ലങ്കോട്: മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന പതിറ്റാണ്ടായുള്ള മുറവിളിക്ക് പരിഹാരമായി സബ് ട്രഷറിക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റീ സർവേ നമ്പർ 523/11ൽ സബ് ട്രഷറിയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലം ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിന് പദ്ധതിക്കായി കൈമാറിയിരുന്നു.
റവന്യൂവകുപ്പ് സ്ഥലം കൈമാറിയതോടെയാണ് പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.20 കോടി ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
മലയോര പ്രദേശവും അന്തർ സംസ്ഥാന പാതയും മീങ്കര, ചുള്ളിയാർ, പോത്തുണ്ടി ഡാമുകളുള്ള മണ്ഡലത്തിൽ അപകടങ്ങൾ
സംഭവിച്ചാൽ നിലവിൽ ചിറ്റൂർ, ആലത്തൂർ ഭാഗങ്ങളിൽ നിന്നും വേണം അഗ്നിശമന സേന എത്തിച്ചേരാൻ. ഊട്ടറ ലവൽ ക്രോസ് അടയ്ക്കുന്നത് അപകട സമയത്ത് ഇതുവഴി വരുന്ന ഫയർ സർവീസിനെ കുരുക്കിൽപ്പെടാൻ കാരണമാകുന്നു.
ഇതിന് പരിഹാരമായി കൊല്ലങ്കോട് ഫയർ സ്റ്റേഷൻ എന്ന ആശയം മൂന്ന് പതിറ്റാണ്ടാകൾക്ക് മുമ്പ് ഉണ്ടായതാണെങ്കിലും പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോഴാണ്. അഞ്ച് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന വിധത്തിലാണ് കെട്ടിടം പണിയുന്നത്.