palam
പണിപൂർത്തിയായ മംഗലംഡാം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കനാൽ പാലം.

മംഗലംഡാം: പാലത്തിന്റെ പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കാതെ കിടക്കുന്നു. മംഗലംഡാം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കനാൽ പാലത്തിന്റെ വീതി കുറവ് പരിഹരിക്കുന്നതിന് വേണ്ടി പഴയ പാലത്തിലേക്ക് യോജിപ്പിക്കുന്ന രീതിയിൽ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച പുതിയ പാലമാണ് റോഡുമായി ബന്ധിപ്പിക്കാതെ കിടക്കുന്നത്. പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ആര് ചെയ്യുമെന്നുള്ളതാണ് നിലവിലെ തർക്കം.

പാലം മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ളതെന്നും ബാക്കി പൊതുമരാമത്ത് വകുപ്പാണ് ചെയ്യേണ്ടതെന്ന് ഇറിഗേഷൻ വകുപ്പ് പറയുമ്പോൾ മറുവശത്ത് ഒന്നും ചെയ്യാനില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. മലയോര മേഖലകളിലേക്കുള്ള ഈ പാതയിലെ പാലത്തിന്റെ വീതിക്കുറവും പാലത്തിനോട് ചേർന്നുള്ള കൊടുംവളവും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പര്യാപ്തമായ പാലം സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.