dam
മംഗലം ഡാം

വടക്കഞ്ചേരി: കൊവിഡിനെ തുടർന്ന് ഏഴു മാസം അടച്ചിട്ടിരുന്ന മംഗലംഡാം ഉദ്യാനം തുറന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് പത്തിനും 60 വയസിനും ഇടയിലുള്ളവർക്കാണ് പ്രവേശനം.

ഡാമിന്റെ ആറ് ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്. കൂടാതെ ഉദ്യാന നവീകരണ പദ്ധതികളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഉദ്ഘാടനം ഈ മാസം നടത്തും. സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഡാമിലെ മണ്ണും മണലും നീക്കുന്ന പ്രവർത്തി ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ഇതിന്റെ നടപടികളും പുരോഗമിക്കുകയാണ്.

കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ ടൂറിസം, പ്രവേശന കവാടം, പാർക്കിംഗ് ഏരിയ, ശൗചാലയം, ടിക്കറ്റ് കൗണ്ടർ തുടങ്ങിയ പ്രവർത്തികൾ പൂർത്തിയായി. ദീപാലങ്കാരങ്ങളുടെ പണി പുരോഗമിക്കുന്നു. 2018 മാർച്ച് 31നാണ് ഉദ്യാന നവീകരണ നിർമ്മാണോദ്ഘാടനം നടന്നത്. ഇതോടെ സഞ്ചാരികൾക്ക് മംഗലംഡാം പുതുമ നിറഞ്ഞ കാഴ്ചകളാകും ഒരുക്കുക.

പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം റിസർവോയറിൽ ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം, കാട്ടുചോലകൾ, മറ്റു കാനനകാഴ്ചകൾ തുടങ്ങിയവ സംയോജിപ്പിച്ച് ടൂറിസം പാക്കേജും കൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നുണ്ട്.

തൂണുകളിൽ 62 ലൈറ്റുകൾ, 20 സ്ട്രീറ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും.

-വർഗീസ്, കരാർ സൂപ്പർവൈസർ.

ഈ മാസം പത്തിനാണ് ആദ്യം ഉദ്ഘാടന തീയതി തീരുമാനിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ പണി കഴിയില്ലെന്ന് കണ്ടതിനാലാണ് തീയതി മാറ്റിയത്.

-സുമാവലി മോഹൻദാസ്, പഞ്ചായത്ത് പ്രസിഡന്റ്.