 
പാലക്കാട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി കെട്ടിടം പുതുവർഷത്തിൽ പ്രവർത്തനം തുടങ്ങും. കോളജ് പ്രവർത്തനം തുടങ്ങി ആറ് വർഷത്തിന് ശേഷമാണ് ഒ.പി.കെട്ടിടം യഥാർത്ഥ്യമാകുന്നത്.
2014 സെപ്തംബർ 19ന് ഉദ്ഘാടന വേളയിൽ ആശുപത്രി പ്രവർത്തനം അടുത്തവർഷം തുടങ്ങുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ യാഥാർത്ഥ്യമായില്ല. നിലവിൽ കോളേജിന്റെ പ്രവർത്തനവും കൊവിഡ് രോഗികൾക്കുള്ള ചികിത്സയും മാത്രമാണ് നടക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവെച്ച കെട്ടിടത്തിന്റെ നിർമ്മാണം ഏതാനും ആഴ്ചകൾക്ക് മുമ്പ് പുനഃരാഭിച്ചിരുന്നു. ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങൾ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്. ഇതിലെ 'ടവർ രണ്ട് " കെട്ടിടമാണ് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുക. ഡിസംബർ അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കും. തുടർന്ന് മെഡിക്കൽ ഉപകരണങ്ങളും മറ്റും സജ്ജീകരിച്ച് ജനുവരിയിൽ തുറക്കാനാണ് ധാരണ. ഒന്നും മൂന്നും കെട്ടിടം ജനുവരി അവസാനത്തോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
ആധുനിക സൗകര്യങ്ങൾ
559 കോടി
പട്ടികജാതി വികസന വകുപ്പിന് കീഴിൽ 559 കോടി ചെലവിലാണ് മെഡിക്കൽ കോളേജ് ഉയരുന്നത്. ആശുപത്രി ബ്ലോക്കിന് മാത്രം 330 കോടിയാണ് ചെലവ്.