
ശ്രീകൃഷ്ണപുരം: ഡ്രൈവിങ് ലൈസൻസിന് കൊവിഡ് സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന നിരവധി പേരെ കുഴക്കുന്നതായി പരാതി. സാക്ഷ്യപത്രം കിട്ടാനുള്ള പ്രയാസം കാരണം ടെസ്റ്റിന് തീയതി കിട്ടിയിട്ടും ഹാജരാകാൻ കഴിയാത്ത സ്ഥിതിയാണ്.
ടെസ്റ്റിന് ഹാജരാകുന്നയാൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നല്ലെന്നും പനി,ചുമ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും വീടുകളിൽ ആരും ക്വാറന്റൈനിലില്ലെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ സാക്ഷ്യപത്രം മോട്ടോർ വാഹന വകുപ്പിന് നൽകണം.
പലർക്കും സാക്ഷ്യപത്രം കിട്ടാൻ കാലതാമസമെടുക്കുന്നുണ്ട്. ലോക്ക് ഡൗണിന് മുമ്പ് ടെസ്റ്റിന് തിയതി ലഭിച്ചവർക്ക് ഡിസംബർ വരെയാണ് സമയം നീട്ടിയത്. വളരെ കുറച്ചു പേരുടെ ടെസ്റ്റ് മാത്രമെ ഇപ്പോൾ പ്രതിദിനം നടക്കുന്നുള്ളൂ. ബാക്കിയുള്ളവരുടെ ടെസ്റ്റ് ഡിസംബറിനുള്ളിൽ പൂർത്തിയാക്കാനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. സാക്ഷ്യപത്രം ഒഴിവാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.