 
കോങ്ങാട്: മൂന്നാംവാർഡ് ചെറായ പുത്തൻ പൊതിയിൽതൊടി കുഞ്ഞിലക്ഷ്മിയും കുടുംബവും അടച്ചുറപ്പുള്ള ഒരു വീടിനായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ്. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം കാലപ്പഴക്കം മൂലം ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭയാശങ്കയോടെയാണ് ഇവർ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്.
വീടിന്റെ ചുമരുകൾ അടർന്ന് വീണുകൊണ്ടിരിക്കുകയാണ്. ഭർത്താവ് ചാമി നാലുവർഷം മുമ്പ് മരിച്ചതോടെ കൂലിവേല ചെയ്താണ് കുഞ്ഞിലക്ഷ്മി കുടുംബം പുലർത്തിയത്. അസുഖ ബാധിതനായ മകനെയും പ്രായമുള്ള മാതാവിനെയും പരിചരിക്കേണ്ടതിനാൽ ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ജീവിതം വഴിമുട്ടി.
ടാർപോളിൻ കൊണ്ട് മറച്ചാണ് കഴിയുന്നത്. നേരത്തെ ദുരവസ്ഥ കാണിച്ച് പഞ്ചായത്തിൽ രണ്ടുതവണ വീടിനായി അപേക്ഷ നൽകിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീടനുവദിക്കണമെന്ന് ആവശ്യപെട്ട് അടുത്തിടെ പഞ്ചായത്തിലും ഗ്രാമസഭയിലും വിഷയം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.