 
ചിറ്റൂർ: തകർന്ന് കിടക്കുന്ന എരിശേരി- നങ്ങാംകുറുശി റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമായി.
അഞ്ചാംമൈൽ കുറ്റിപ്പളും പാറക്കൽ ഭാഗങ്ങളിൽ നിന്നും കമ്പിളി ചുങ്കത്തേക്കുള്ള എളുപ്പ മാർഗമായ റോഡ് കുണ്ടും കുഴികളും രൂപപ്പെട്ടിട്ട് കാലം ഏറെയായി.
റോഡ് തകർച്ച പരിഹരിക്കണമെന്ന ജനങ്ങളടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് 30 ലക്ഷം വകയിരുത്തി ടെണ്ടർ നടപടി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിൽ പ്രതിഷേധം ഏറെയാണ്. കമ്പിളി ചുങ്കം കല്ലൂട്ടിയാൽ വഴി പാലക്കാട്ടേക്ക് എളുപ്പ വഴിയാണെന്നതിനാൽ ഒട്ടേറെ ചെറുതും വലുതുമായ വാഹനങ്ങളും നിരവധി ചരക്കു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്.
എരിശേരി മുതൽ കമ്പിളി ചുങ്കം വരെ റോഡിന് ഇരുവശങ്ങളിലും ഉൾപ്രദേശങ്ങളിലുമായി 500ൽ പരം വീടുകളുണ്ട്.ഇവരുടെ ഏക ഗതാഗത മാർഗമായ റോഡിന്റെ തകർച്ച നാട്ടുകാർക്ക് ഏറെ ദുരിതമായി. കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നതിനും ഏറെ പ്രയാസമുണ്ടാകുന്നതായി പരാതി ഉയരുന്നു. നല്ലേപ്പിളളി ടൗണിൽ മാർഗ തടസമുണ്ടായാൽ ബൈപാസായും ഈ വഴി ഉപയോഗിക്കാറുണ്ട്.
അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യം അർഹിക്കുന്ന റോഡിന്റെ പണി ഉടൻ ആരംഭിക്കാനും സമയ ബന്ധിതമായി പൂർത്തീകരിക്കാനും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.