 
ഒറ്റപ്പാലം: പ്രദേശത്തെ തെരുവുനായ ശല്യത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്ന തെരുവുനായ ജനന നിയന്ത്രണ പദ്ധതി (എ.ബി.സി) പുനഃരാരംഭിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമകുന്നത്.
നാലുദിവസത്തിനിടെ 30 തെരുവ് നായ്ക്കളെ വന്ധ്യം. ആർ.എസ്.റോഡ്, ചിനക്കത്തൂർകാവ് പരിസരം, പാലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തെരുവുനായ്ക്കളെ പിടികൂടിയത്. ചികിത്സ പൂർത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷം പിടിച്ച സ്ഥലങ്ങളിൽ തന്നെ ഇവയെ കൊണ്ടുവിടും.
ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും ജനജീവിതത്തിന് ഭീഷണിയായി തെരുവുനായ ശല്യം വർദ്ധിച്ചു വരികയാണ്. രാപകൽ വ്യത്യാസമില്ലാതെ കാൽനട യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പല പ്രദേശങ്ങളിലും. ദിവസങ്ങൾക്ക് മുമ്പാണ് പാവുക്കോണത്ത് നാലു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ അക്രമണത്തിൽ പരിക്കേറ്റത്.
ഒമ്പതെണ്ണത്തിന്റെ വന്ധ്യംകരണം പൂർത്തിയാക്കി അതത് സ്ഥലത്ത് കൊണ്ടുപോയി വിട്ടു. ബാക്കിയുള്ളവയെ അടുത്ത ദിവസങ്ങളിൽ നടപടി പൂർത്തിയാക്കി വിടും. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലെ നായകളെയും പിടികൂടും.
-ഡോ.സുധീർ ബാബു, വെറ്ററിനറി സർജൻ.