seeetharkundu
കെ.ബാബു എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം സീതാർകുണ്ട് പദ്ധതി പ്രദേശം സന്ദർശിക്കുന്നു.

കൊല്ലങ്കോട്: ചുള്ളിയാറിലേക്ക് സീതാർകുണ്ടിൽ നിന്ന് വെള്ളമെത്തിക്കുന്ന പദ്ധതിയുടെ അവസാന ഘട്ട പരിശോധന പൂർത്തിയായി. 257 അടി ഉയരമുള്ള സീതാർകുണ്ടിലെ അത്തിക്കുണ്ട് വെള്ളച്ചാട്ടത്തിൽ നിന്ന് പെൻസ്റ്റോക്കിലൂടെ വെള്ളം പലകപ്പാണ്ടി വഴി ചുള്ളിയാർ ഡാമിലെത്തിക്കാമെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി.

നേരത്തെ കേരളകൗമുദി നൽകിയ 'സീതാർകുണ്ടിലെ വെള്ളം ചുള്ളിയാർ ഡാമിലെത്തുമോ" എന്ന വാർത്തയെ തുടർന്ന് കെ.ബാബു എം.എൽ.എ ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രം തുടങ്ങിയത്. നിയമസഭയിൽ വിഷയം അവതരിപ്പിച്ചതിലൂടെ സർവേ നടത്തി പദ്ധതി നടപ്പാക്കാൻ അംഗീകാരം ലഭിക്കുകയും സർവേയ്ക്ക് ഫണ്ട് വകയിരുത്തുകയും ചെയ്തു.

കേരള എൻജിനീയറിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. കൂടുതൽ ഖനനം നടത്താതെ പെൻസ്റ്റോക്ക് വഴി വെള്ളം കടത്താമെന്നതിനാൽ പരിസ്ഥിതിക്കും ദോഷമില്ല. കാലവർഷത്തിൽ 44ഉം തുലാവർഷത്തിൽ 25ഉം ദശലക്ഷം ഘനയടി വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഇതിൽ 20 ദശലക്ഷം ഘനയടി വെള്ളമുപയോഗിച്ച് ചുള്ളിയാർ ഡാം നിറയ്ക്കാം

മീങ്കര ഡാമിൽ വെള്ളമെത്തിക്കാനാണ് ആദ്യം പരിഗണന നൽകിയതെങ്കിലും മഴക്കാലമൊഴികെ നീരൊഴുക്ക് കുറവായതിനാലാണ് ചുള്ളിയാറിലേക്ക് മാത്രമായി ചുരുക്കിയത്.

കെ.ബാബു എം.എൽ.എ,​ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബിസുധ,​ ശാലിനി കറുപ്പേഷ്,​ ജെ.ഡബ്ല്യു.ആർ (റിട്ട) ജോ.ഡയറക്ടർ സുധീർ പടിക്കൽ, എക്സി.എൻജിനീയർ സജി സാമ്യൽ, അസി.എക്സി.എൻജിനീയർ ശ്രീവത്സൻ, എ.ഇ.അനന്തു എന്നിവരാണ് പരിശോധന നടത്തിയത്.