vyaja

പാലക്കാട്: കഞ്ചിക്കോട് ചെല്ലകാവ് പയറ്റുകാവ് ആദിവാസി കോളനിയിൽ രണ്ടു ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ചു. അവശ നിലയിലായ മൂന്നു സ്ത്രീകളുൾപ്പെടെ ഒമ്പതു പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കോളനിയിലെ ചുക്രിയുടെ മകൻ രാമൻ (61), കുപ്പന്റെ മകൻ അയ്യപ്പൻ (55), മകൻ അരുൺ (22)​,​ മണിയുടെ മകൻ ശിവൻ (45), സഹോദരൻ മൂർത്തി (24) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ മൂർത്തിയെ ഇന്നലെ വൈകിട്ട് നാലിന് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോളനി നിവാസികളായ തങ്കമണി (41), രുഗ്മിണി (52), കമലം (42), ശിവൻ (40), ചെല്ലപ്പൻ (75), മുരുകൻ (30), ശക്തിവേൽ (32), കുമാരൻ (35), നാരായണൻ (26) എന്നിവരാണ് ചികിത്സയിലുള്ളത്.

ഞായറാഴ്ച രാവിലെ ആറിനാണ് രാമൻ മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖമുള്ളതിനാൽ മരണത്തിൽ സംശയം തോന്നിയില്ല. മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു. ചടങ്ങിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള കോളനി നിവാസികൾക്ക് ശിവനാണ് മദ്യം നൽകിയത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ശിവന്റെ അയൽവാസി അയ്യപ്പനെയും മരിച്ച നിലയിൽ കണ്ടെത്തി. അസുഖ ബാധിതനായതിനാൽ സംശയം തോന്നാതെ ഇയാളുടെ സംസ്‌കാരം വൈകിട്ട് നടത്തി.

തിങ്കളാഴ്ച പുലർച്ചെ വീടിനുമുന്നിൽ ശിവന്റെ മൃതദേഹം കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. മദ്യം കഴിച്ച അയ്യപ്പന്റെ മകൻ അരുണിന് വയറുവേദനയും തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ്- എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മദ്യം കഴിച്ചവരെയെല്ലാം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ ഇന്നലെ രാത്രി ഒമ്പതോടെയാണ് മരിച്ചത്.

കൂലിപ്പണിക്കാരനായ ശിവൻ കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രദേശത്ത് മദ്യവില്പന നടത്താൻ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. ശനിയാഴ്ച രാത്രി അമ്മാവനായ രാമന് ശിവൻ മദ്യം നൽകിയിരുന്നു. രാമന്റെയും അയ്യപ്പന്റെയും മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തമിഴ്നാട്ടിൽ നിന്നെത്തിച്ച വ്യാജമദ്യമാണ് ദുരന്തത്തിനിടയാക്കിയതെന്ന് കരുതുന്നു. വീര്യം കൂട്ടാൻ സാനിറ്റൈസർ ഒഴിച്ചതായും സംശയമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരം അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.