
പാലക്കാട്: കഞ്ചിക്കോട് ചെല്ലൻങ്കാവ് ആദിവാസി കോളനിയിലുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന ആരംഭിച്ചു. എക്‌സൈസ് കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് പരിശോധന. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും ആദിവാസി ഊരുകളും കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയത്.
പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ, ആലത്തൂർ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് പ്രത്യേക സംഘത്തിന്റെ പരിശോധന. ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ, സി.ഐമാർ എന്നിവർക്കാണ് മേഖലകളുടെ ചുമതല. ഇന്നലെ കഞ്ചിക്കോട്, മലമ്പുഴ കവ, അട്ടപ്പാടി വനമേഖല എന്നിവിടങ്ങളിലായി ഏഴ് സ്ക്വാഡുകളുടെ നേതൃത്തിൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ പറഞ്ഞു. റിപ്പോർട്ട് അതത് ദിവസം വൈകിട്ട് അഞ്ചിനുള്ളിൽ കമ്മിഷണർക്ക് നൽകും.
പരിശോധനയ്‌ക്കൊപ്പം ഊരുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. കൂടാതെ അതിർത്തി പ്രദേശത്തെ എല്ലാ ഷാപ്പുകളിലും തുടർച്ചയായി സാമ്പിൾ പരിശോധനയും നടത്തുണ്ട്. സാനിറ്റൈസർ ദുരുപയോഗം, വ്യാജ ചാരായം, കള്ള് എന്നിവയുടെ നിർമ്മാണം സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂമിൽ അറിയിക്കണം. ഇതിന്റെ ഭാഗമായി കൺട്രോൾ റൂമിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. ഫോൺ: 04912505897.
ജില്ലയിൽ വ്യാജവാറ്റിന് കുറവില്ല